ഇപ്പോൾ നിങ്ങൾ അവനെ ട്രോളും, നാളെ അവനായി കൈയടിക്കും; യുവതാരം ക്രിക്കറ്റ് ലോകത്തിന്റെ അടുത്ത രാജാവായിരിക്കുമെന്ന് ഹേമാംഗ് ബദാനി

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ഒമ്പത് റൺസിന് തോൽപ്പിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി. തുടർച്ചയായി മൂന്ന് മത്സരങ്ങളിലെ തോൽവിക്ക് ടീം ഒടുവിൽ വിരാമമിട്ടു. ഹൈദരാബാദ് ടീമിനായി അഭിഷേക് ശർമ്മയും ഹെൻറിച്ച് ക്ലാസനും നടത്തി ബാറ്റിംഗ് വെടികെട്ടാണ് ടീമിന്റെ വിജയത്തിൽ സഹായിച്ചത്. എന്നാൽ ഏറെ പ്രതീക്ഷയോടെ ടീമിലെടുത്ത ഹാരി ബ്രൂക്ക് ക്യാപിറ്റലിനെതിരെയും തിളങ്ങാനായില്ല .

ഇംഗ്ലണ്ടിന്റെ സൂപ്പർ ബാറ്റർ ഹാരി ബ്രൂക്ക് കഴിഞ്ഞ വർഷം ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചതു മുതൽ ലോക ക്രിക്കറ്റിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ്. ദേശീയ ടീമിനൊപ്പമുള്ള അദ്ദേഹത്തിന്റെ ബാറ്റിംഗ് മികവ് IPL 2023 ലേലത്തിൽ അദ്ദേഹത്തിന് വേണ്ടി ടീമുകൾ പോരാടാൻ കാരണമായി. എന്നാൽ ഒരു മത്സരത്തിൽ നേടിയ സെഞ്ച്വറി പ്രകടനം ഒഴിച്ച് നിർത്തിയാൽ താരത്തിന്റെ ബാറ്റ് നല്ല രീതിയിൽ ശബ്ധിച്ചിട്ടില്ല.  ആ സെഞ്ച്വറി നേട്ടം ഉൾപ്പടെ 8 മത്സരങ്ങളിൽ നിന്ന് 163 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം

സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റിംഗ് കോച്ച് ഹേമാംഗ് ബദാനി എന്നാലും ബ്രൂക്കിനെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ്. അദ്ദേഹം പറയുന്നത് ഇങ്ങനെ: “ഹാരി ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പേരുകളിൽ ഒരാളായിരിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഓരോ ടീമിനെതിരെയും അവരുടെ ബോളറുമാർക്ക് എതിരെയും കൃത്യമായ തന്ത്രങ്ങൾ ഉണ്ടാകണം. അതനുസരിച്ച് ഇറങ്ങിയാൽ ഹാരിക്ക് എളുപ്പത്തിൽ റൺസ് നേടാം, അവൻ മികവിലേക്ക് ഉടനെ എത്തും.” ഹേമാംഗ് ബദാനി വിശ്വസിക്കുന്നു.