ധോണിയ്ക്ക് മാത്രമല്ല ഉയര്‍ന്ന മൂല്യം ; ലോക കപ്പില്‍ താരം ഉപയോഗിച്ച ബാറ്റിനു കിട്ടിയ വില കേട്ടാലും ഞെട്ടും

മഹേന്ദ്രസിംഗ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകകപ്പ് നേടിയിട്ട്് 11 വര്‍ഷമായി. 28 വര്‍ഷത്തിന് ശേഷം ഇന്ത്യ കപ്പടിച്ച ആ മത്സരത്തിന് അനേകം പ്രത്യേകതകള്‍ ഉണ്ടായിരുന്നു. ധോണിയുടെ നേതൃത്വത്തില്‍ ടീം ഫൈനല്‍ ജയിക്കുന്നത് വരെ നാട്ടുകാരായ കാണികള്‍ക്ക് മുന്നില്‍ ഒരിക്കലും ഒരു ടീമും കപ്പുയര്‍ത്തിയിരുന്നില്ല. ബാറ്റിംഗ് ഓര്‍ഡറില്‍ യുവരാജ് സിംഗിന് മുമ്പായി ബാറ്റ് ചെയ്യാനെത്തിയ ധോണി മികച്ച അര്‍ദ്ധ സെഞ്ച്വറിയും നേടി അവസാന ഓവറില്‍ സിക്‌സര്‍ പറത്തിയായിരുന്നു ഇന്ത്യയെ ഫൈനല്‍ വിജയിപ്പിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ഓര്‍മ്മകളില്‍ ഒന്നായ ഈ ലോകകപ്പില്‍ നായകന്‍ ധോണി ഉപയോഗിച്ച ബാറ്റിന് ലേലത്തില്‍ കിട്ടിയ തുക ആരാധകരെ ഞെട്ടിക്കുകയാണ്. ഫൈനലിന് തൊട്ടു പിന്നാലെ അതേവര്‍ഷം ജൂലൈയില്‍ തന്നെ നടന്ന ലേലത്തില്‍ ധോണി ഇന്ത്യയ്ക്ക് കപ്പുയര്‍ത്താന്‍ സിക്‌സര്‍ പായിച്ച ബാറ്റിന് കിട്ടിയ വില 72 ലക്ഷമായിരുന്നു. പണം അദ്ദേഹത്തിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷനിലേക്ക് പോകുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം ആദ്യമായിട്ടായിരുന്നു ധോണി അര്‍ദ്ധശതകം നേടുന്നതും.

ആദ്യ പത്ത് ഓവറില്‍ രണ്ടു വിക്കറ്റ് വീണു ആരാധകര്‍ ഞെട്ടിയിരിക്കെ ഇന്ത്യ 114 ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന സമയത്തായിരുന്നു യുവരാജിനെയും മറികടന്നായിരുന്നു ധോണിയുടെ വരവ്. 97 റണ്‍സുമായി മികച്ച ബാറ്റിംഗ് നടത്തിയ ഗംഭീറിനൊപ്പം ധോണി നാലാം വിക്കറ്റില്‍ 109 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയതാണ് കളിയില്‍ നിര്‍ണ്ണായകമായത്. 362 റണ്‍സും 15 വിക്കറ്റും വീഴ്ത്തി ടൂര്‍ണമെന്റിലെ തന്നെ താരമായി നില്‍ക്കുന്ന യുവരാജിന് മുകളില്‍ ബാറ്റിംഗ് ഓര്‍ഡര്‍ നേടിയായിരുന്നു ധോണി ബാറ്റിംഗിന് വന്നത്.