എട്ടോവറില്‍ നൂറ് റണ്‍സ്, അവനെ കൂടെക്കൂട്ടാമെങ്കിലും കളിപ്പിക്കരുത്; നിര്‍ദ്ദേശവുമായി ആകാശ് ചോപ്ര

വരാനിരിക്കുന്ന ടി20 ലോക കപ്പില്‍ ഉമ്രാന്‍ മാലിക്കിനെ ധൃതി പിടിച്ച് ഉള്‍പ്പെടുത്തേണ്ടതില്ലെന്ന അഭിപ്രായവുമായി ആകാശ് ചോപ്ര. ഉടനെ തന്നെ താരത്തെ ഇന്ത്യൻ ടീമിലെടുക്കണം എന്ന ആവശ്യങ്ങൾ ഉയരുന്നതിനിടെയാണ് ചോപ്ര പ്രതികരണം നടത്തിയത്.

മാലിക്കിനെ പോലെ ഒരു അപൂർവ പ്രതിഭയെ ഇന്ത്യ കരുതലോടെ വളർത്തിയെടുക്കണം എന്നും ചെറുപ്പക്കാരനെ വേഗം ടീമിലെടുക്കുന്നതിലൂടെ അദ്ദേഹത്തിന് സമ്മർദ്ദം കൂടുകയേ ഉള്ളു എന്നും ചോപ്ര പറഞ്ഞു.

“തിടുക്കത്തിൽ ടീമിൽ എടുക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ല. (ടി20 ലോകകപ്പിനുള്ള ഉംറാൻ മാലിക്കിനെക്കുറിച്ച്). മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞാൽ ഇപ്പോഴായാലും പിന്നീടായാലും രാജ്യത്തിന് വേണ്ടി കളിക്കുമെന്ന നിയമം ഇന്ത്യയിലുണ്ട്. എന്നാൽ തന്റെ അവസാന എട്ട് ഓവറിൽ നൂറ് റൺസ് വിട്ടുകൊടുത്തു. അവന് കുറച്ച് സമയം കൊടുക്കൂ. അദ്ദേഹം ഇന്ത്യൻ ടീമിനൊപ്പം യാത്ര ചെയ്യട്ടെ , പക്ഷേ അന്താരാഷ്ട്ര ക്രിക്കട്ടിൽ ഉടനെ അവസരം നൽകേണ്ട സാഹചര്യമില്ല” ചോപ്ര പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിലും താരം നല്ല പ്രഹരം ഏറ്റുവാങ്ങിയിരുന്നു. ഇതോടെ സ്പീഡ് മാത്രം പോരെന്നും നല്ല സ്കിൽ വേണമെന്നും ക്രിക്കറ്റ് താരത്തോട് പറഞ്ഞു.