വിന്‍ഡീസിനോട് പരമ്പര തോറ്റതിന് ഇത്ര ലജ്ജിക്കേണ്ടതില്ല; ഹാര്‍ദ്ദിക്കിനെ സംരക്ഷിച്ച് ഗവാസ്‌കര്‍

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും അഞ്ച് മത്സരങ്ങളുടെ ടി 20 ഐ പരമ്പര 3-2 ന് ആഥിഥേയരായ വിന്‍ഡീസ് സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും തോറ്റതിന് ശേഷം പരമ്പര സമനിലയിലാക്കാന്‍ ‘മെന്‍ ഇന്‍ ബ്ലൂ’ മികച്ച സ്വഭാവം കാണിച്ചെങ്കിലും അവസാന മത്സരത്തില്‍ പരാജയപ്പെട്ടു. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന് ചില മേഖലകളില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിടേണ്ടിവരുമ്പോള്‍ അവരെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍.

രണ്ട് തവണ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ വിന്‍ഡീസിനോട് തോറ്റതില്‍ ഇന്ത്യ നാണം കെടേണ്ടതില്ലെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. അവരുടെ ഭാഗത്ത് നിരവധി മാച്ച് വിന്നര്‍മാര്‍ ഉണ്ട്. അതിനാല്‍ പരമ്പര തോല്‍വി ഹാര്‍ദിക് പാണ്ഡ്യയ്ക്കും കൂട്ടര്‍ക്കും ഒരു ഉണര്‍വ് നല്‍കണമെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ തോല്‍വി ഒരു തളര്‍ച്ചയായിരിക്കരുത്. ഐസിസി ടി20 ലോകകപ്പ് രണ്ടുതവണ അവര്‍ നേടിയിട്ടുണ്ടെന്ന കാര്യം മറക്കരുത്. ഐപിഎല്ലില്‍ കളിക്കുന്ന അവര്‍ വ്യത്യസ്ത ഫ്രാഞ്ചൈസികളുടെ മാച്ച് വിന്നര്‍മാരാണ്. അതിനാല്‍, അവര്‍ ഒരു ടോപ്പ് ക്ലാസ് ടി20 ടീമാണ്. അവരോട് തോറ്റതില്‍ ലജ്ജക്കേണ്ടതില്ല.

ടീമിനെ ശക്തിപ്പെടുത്തുന്നതിന് മെച്ചപ്പെടുത്തേണ്ട മേഖലകള്‍ കാണുന്നതിന് ഇത് ഒരു ഉണര്‍വ് കോളായിരിക്കണം. ഈ പരമ്പരയില്‍ വിശ്രമം ലഭിച്ചവരില്‍ ചിലര്‍ അധികനാളത്തേക്കില്ല. അതിനാല്‍ അടുത്ത ഐസിസി ടി20 ലോകകപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കുന്നതിനാല്‍ അവരുടെ പകരക്കാരെയും വേഗത്തില്‍ കണ്ടെത്തേണ്ടതുണ്ട്- ഗവാസ്‌കര്‍ പറഞ്ഞു.