ഇനി ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിനില്ല, ടെസ്റ്റില്‍ നിന്നും പടിയിറങ്ങി ; ഞെട്ടിച്ചു കൊണ്ട് ഓസ്‌ട്രേലിയന്‍ ഇതിഹാസത്തിന്റെ വിരമിക്കല്‍

ചുവന്നപന്ത് ക്രിക്കറ്റ് ഇനിയും ആസ്വദിച്ച് തീര്‍ന്നിട്ടില്ല. എങ്കിലും ടെസ്റ്റില്‍ ഇനിയും കൂടുതല്‍ കളിക്കാനാകുമെന്ന് കരുതുന്നില്ലെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസതാരം ആരോണ്‍ ഫിഞ്ച്. പ്രതിഭകളായ അനേകം കളിക്കാര്‍ പുറത്ത് കാത്തു നില്‍ക്കുമ്പോള്‍ തന്റെ പടിയിറക്കം അവരില്‍ ഒരാള്‍ക്ക് കൂടി അവസരമാകുമെന്ന് കരുതുന്നതായും താരം പറഞ്ഞു. ഓസ്‌ട്രേലിയന്‍ ടീമിന്റെ വെള്ളപ്പന്ത് ടീമിന്റെ നായകന്‍ ഫിഞ്ചിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്.

ഓസട്രേലിയയ്ക്കായി വെറും അഞ്ചു ടെസ്റ്റ് മത്സരം മാത്രം കളിച്ചിട്ടുള്ള ഫിഞ്ച് 2020 ലാണ് ടെസ്റ്റില്‍ അരങ്ങേറിയത്. 27.8 ശരാശരിയില്‍ 278 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 2018 ല്‍ ഇന്ത്യയ്‌ക്കെതിരേയുള്ള ബോക്‌സിംഗ് ടെസ്‌റ്റോടെയാണ് താരം കളി മതിയാക്കിയത്. ഇനിയും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാകുമെന്ന് കരുതുന്നില്ലെന്ന് താരം പറഞ്ഞു. അതേസമയം വരാനിരിക്കുന്ന പാകിസ്താനെതിരേയുള്ള പരമ്പരയിലെ ഏകദിന ടി20 മത്സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കുക ഫിഞ്ചായിരിക്കും.

ഈവര്‍ഷം അവസാനം നടക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പാണ് പാകിസ്താനില്‍ ടീം നടത്തുന്നത്. പാകിസ്താനെതിരേയുള്ള നിയന്ത്രിത ഓവര്‍ പരമ്പരയിലേക്ക് ശ്രദ്ധിക്കാനാണ് ഫിഞ്ചിന്റെ തീരുമാനം. 132 ഏകദിനങ്ങളില്‍ 17 സെഞ്ച്വറികളും 29 അര്‍ദ്ധസെഞ്ച്വറികളും പേരിലുള്ള താരം 41.85 ശരാശരിയില്‍ 5232 റണ്‍സായിരുന്നു ഫിഞ്ച് അടിച്ചുകൂട്ടിയത്. പുറത്താകാതെ താരം നേടിയ 153 ആണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ട്വന്റി20 യിലെ 88 മത്സരങ്ങളില്‍ 2686 റണ്‍സ നേടിയിട്ടുണ്ട്. രണ്ടു സെ്ഞ്ച്വറികളും 15 ഫിഫ്റ്റികളും പേരിലുണ്ട്. 172 ആണ് ഉയര്‍ന്ന സ്‌കോര്‍.