ഇന്ത്യയുടെ പരിശീലക സ്ഥാനം വേണ്ട: ബിസിസിഐയുടെ ഓഫര്‍ നിരസിച്ച് ഇന്ത്യന്‍ മുന്‍ സൂപ്പര്‍ താരം

2024ലെ ഐസിസി ടി20 ലോകകപ്പ് വരെ രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായി തുടര്‍ന്നേക്കും. ഇന്ത്യന്‍ മുന്‍ താരം ആശിഷ് നെഹ്റ ആ ജോലി വേണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നാണിത്. ഐസിസി ലോകകപ്പ് 2023 ന് ശേഷം ദ്രാവിഡിന്റെ കരാര്‍ അവസാനിച്ചിരുന്നു.

ദ്രാവിഡിന് ടി20 ലോകകപ്പ് വരെ പുതിയ കരാര്‍ വാഗ്ദാനം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായാണ് ടി20 ലോകകപ്പ് നടക്കുക. അടുത്ത ടി20 ലോകകപ്പ് വരെ ദ്രാവിഡ് തുടരണമെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും അജിത് അഗാര്‍ക്കറും ആഗ്രഹിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ തോല്‍വിക്ക് ശേഷം ബോര്‍ഡ് അധികൃതര്‍ നെഹ്റയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ നെഹ്‌റ നായകസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായില്ല.

നെഹ്‌റയുടെ കീഴില്‍ ഗുജറാത്ത് ടൈറ്റന്‍സ് 2022-ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയിരുന്നു. 2023-ല്‍ അവര്‍ റണ്ണേഴ്സ് അപ്പായി.