'എന്റെ പേര് ജഴ്സിയില്‍ നിന്ന് മാഞ്ഞു, എങ്കിലും തോറ്റുകൊടുക്കില്ല'; വൈകാരിക കുറിപ്പുമായി ശ്രീശാന്ത്

തിരിച്ചുവരവ് പ്രതീക്ഷകള്‍ കൈവിട്ടിട്ടില്ലെന്ന് വീണ്ടും ഓര്‍മ്മിപ്പിച്ച് മലയാളി പേസര്‍ എസ്. ശ്രീശാന്ത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെയാണ് താന്‍ തിരിച്ചു വരവിനായി കാത്തിരിപ്പ് തുടരുകയാണെന്ന് ശ്രീശാന്ത് ആരാധകരെ ഓര്‍മ്മിപ്പിച്ചത്.

‘ടീ ഷര്‍ട്ടിലെ എന്റെ പേര് മാഞ്ഞ് തുടങ്ങിയിരിക്കുന്നു. പക്ഷേ എന്റെ മനസും ശരീരവും ആത്മാവും മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും ആശംസകളും എപ്പോഴും ഉണ്ടായിരിക്കണം. ബൂട്ടഴിക്കുന്നതിന് മുമ്പ് ഒരുപാട് ദൂരം പോകാനാണുണ്ട്. ഒരിക്കലും കീഴടങ്ങാന്‍ തയ്യാറല്ല’ ശ്രീശാന്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും ഗംഭീര പ്രകടനം നടത്തിയിട്ടുള്ള ശ്രീശാന്ത് ഐപിഎല്ലിലെ ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടതോടെയാണ് ക്രിക്കറ്റില്‍ നിന്ന് പുറത്തായത്. വിലക്ക് നീങ്ങിയ താരത്തിന് തിരിച്ച് ടീമില്‍ കയറാനുള്ള സാധ്യതകള്‍ വിരളമാണ്.