ഹാർദിക്ക് കാണിച്ച ആ രണ്ട് മണ്ടത്തരങ്ങൾ കാരണം മുംബൈ തോറ്റു, ഇനി മേലാൽ ആ പ്രവൃത്തി നായകൻ ചെയ്യരുത്; പരാജയ കാരണങ്ങൾ നികത്തി ഇർഫാൻ പത്താൻ

ഈ സീസണിൽ ആരാധകർ ഏറ്റവും കൂടുതൽ ആവേശത്തോടെ കാത്തിരുന്ന ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസ് മത്സരം ആരാധക പ്രതീക്ഷകൾ പോലെ തന്നെ ഇരുടീമുകളുടെയും ഭാഗത്ത് നിന്നും മികച്ച പോരാട്ടം കണ്ടു. മത്സരത്തിൽ മുംബൈയെ 20 റൺസിന് പരാജയപ്പെടുത്തിയ ചെന്നൈ തുടർച്ചയായ രണ്ടാം ജയവും സീസണിലെ തങ്ങളുടെ നാലാം ജയം സ്വന്തമാക്കി. തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യക്ക് എതിരെ കുറ്റപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ ഇപ്പോൾ.

ഫ്രാഞ്ചൈസിയിൽ തിരിച്ചെത്തിയത് മുതൽ ഹാർദിക് പാണ്ഡ്യാ വലിയ രീതിയിൽ ഉള്ള വിമർശനമാണ് കേൾക്കുന്നത്. ഇന്നലെ അദ്ദേഹം രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും തൻ്റെ മൂന്ന് ഓവറിൽ നിന്ന് 43 റൺസ് വഴങ്ങി. സിഎസ്‌കെയുടെ ഇന്നിംഗ്‌സിൻ്റെ അവസാന ഓവറിൽ എംഎസ് ധോണി തുടർച്ചയായി മൂന്ന് സിക്‌സറുകൾ അടിച്ചു. കളിയിൽ ചെന്നൈയുടെ വിജയത്തിന് കാരണമായതും ധോണിയുടെ ഈ അവസാന ഓവർ വെടിക്കെട്ട് തന്നെ ആയിരുന്നു.

മുംബൈയുടെ തോൽവിക്ക് കാരണമായ രണ്ട് സംഭവങ്ങൾ ഇർഫാൻ എടുത്തുപറഞ്ഞു. “ഹാർദിക് ഒരു ക്യാപ്റ്റനെന്ന നിലയിൽ തുടക്കം മുതൽ മികച്ചതായിരുന്നില്ല. സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിൽ, ആകാശ് മധ്‌വാൾ അവസാന ഓവർ എറിയേണ്ടതായിരുന്നു, അദ്ദേഹം ബൗളിംഗ് മാർക്കിൽ എത്തിയതും ആയിരുന്നു. എന്നിരുന്നാലും, ഹാർദിക് സ്വയം ആ ഉത്തരവാദിത്വം ഏറ്റെടുക്കുക ആയിരുന്നു. നാല് പന്തിൽ 20 റൺസ് നേടി ധോണി അദ്ദേഹത്തെ തകർത്തെറിഞ്ഞു. അതാണ് മുംബൈ തോൽവിയുടെ മാർജിൻ, ”സ്റ്റാർ സ്‌പോർട്‌സിൽ ഇർഫാൻ പത്താൻ പറഞ്ഞു.

സമാനമായ മറ്റൊരു സംഭവത്തെക്കുറിച്ച് ഇർഫാൻ പറഞ്ഞു. ശ്രേയസ് ഗോപാൽ രച്ചിൻ രവീന്ദ്രയെ പുറത്താക്കിയപ്പോൾ ഹാർദിക് മറ്റൊരു ഓവറിന് അദ്ദേഹത്തെ ഉപയോഗിക്കണമായിരുന്നു. എന്നാൽ, ഹാർദിക് സ്വയം ആ ഓവർ എറിയുക ആയിരുന്നു. അവിടെ അദ്ദേഹം 15 റൺസ് വഴങ്ങി. തനിക്ക് വേണ്ടി ജോലി ചെയ്യാൻ കഴിയുന്ന മറ്റ് ബൗളർമാർ ഉണ്ടെന്ന് ഹാർദിക്കിന് മനസ്സിലാകണം. അവരെ വിശ്വാസമില്ലെങ്കിൽ, നായകനെന്ന നിലയിൽ അദ്ദേഹത്തിന് വിജയിക്കാൻ ഒരു വഴിയുമില്ല, ”ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.

“ഹാർദിക് ഒരു ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റല്ല, ഡെത്ത് ഓവറുകളിൽ പന്തെറിയുന്നതിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കണം,” ഇർഫാൻ പറഞ്ഞു.