ഐപിഎല്‍ 2025ല്‍ മുംബൈ ഇന്ത്യന്‍സ് ടീമിന് തിരിച്ചടിയായി മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുതൂരിന്റെ പരിക്ക്. ചൈനാമെന്‍ സ്പിന്നര്‍ പരിക്ക് കാരണം ഇനി ഈ സീസണില്‍ കളിക്കില്ല. മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. കാലിനേറ്റ പരിക്ക് കാരണമാണ് വിഘ്‌നേഷിന്റെ പിന്മാറ്റമെന്നാണ് വിവരം. വിഘ്‌നേഷ് പുതൂരിന് എത്രയും പെട്ടെന്ന് പരിക്ക് ഭേദമാവട്ടെയെന്നും മുംബൈ ഇന്ത്യന്‍സ് സമൂഹ മാധ്യമങ്ങളിലൂടെ ആശംസിച്ചു. രഘു ശര്‍മ്മയെ ആണ് വിഘ്‌നേഷ് പുതൂരിന് പകരക്കാരനായി മുംബൈ ടീമില്‍ എടുത്തത്.
മുംബൈക്കായി അരങ്ങേറ്റ മത്സരത്തില്‍ തന്നെ മൂന്ന് വിക്കറ്റെടുത്ത് ഗംഭീര തുടക്കമായിരുന്നു വിഘ്‌നേഷ് പുതൂര്‍ നടത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയായിരുന്നു ഈ പെര്‍ഫോമന്‍സ്. സിഎസ്‌കെയുടെ പ്രധാനപ്പെട്ട മൂന്ന് ബാറ്റര്‍മാരെ പുറത്താക്കി ചൈനാമാന്‍ സ്പിന്നര്‍ അന്ന് ആരാധകരെ ഞെട്ടിച്ചു. അഞ്ച് മത്സരങ്ങള്‍ കളിച്ച വിഘ്‌നേഷ് ആറ് വിക്കറ്റുകളാണ് മുംബൈ ഇന്ത്യന്‍സിനായി ഈ സീസണില്‍ വീഴ്ത്തിയത്. 9.08 ആണ് എക്കണോമി റേറ്റ്.
സീസണില്‍ ഇനി കളിക്കില്ലെങ്കിലും വിഘ്‌നേഷ് പുതൂര്‍ മുംബൈ ടീമിനൊപ്പം തുടരും. പരിക്ക് ഭേദമാവാനും തിരിച്ചുവരവ് നടത്താനും മുംബൈ ഇന്ത്യന്‍സിന്റെ മെഡിക്കല്‍ ടീമിനൊപ്പമാവും മലയാളി താരം തുടരുക. രാജസ്ഥാന്‍ റോയല്‍സിനെതിരെ അവരുടെ ഹോംഗ്രൗണ്ടില്‍ വച്ചാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ജയിച്ചുവന്ന മുംബൈ ഇന്നും വിജയപ്രതീക്ഷയിലാണ് ഇറങ്ങുക.