അവസാനം നീ ഇങ്ങോട്ട് തന്നെ വരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, ജയ്സ്വാൾ മുംബൈക്ക് വേണ്ടി ഇറങ്ങും, അനുമതി നൽകി എംസിഎ

ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിൽ തുടരാൻ ഇന്ത്യൻ താരം യശസ്വി ജയ്സ്വാളിന് അനുമതി നൽകി എംസിഎ (മുംബൈ ക്രിക്കറ്റ് അസോസിയേഷൻ). അടുത്തിടെയാണ് ​ഗോവ ടീമിലേക്ക് മാറണമെന്ന ആവശ്യവുമായി ജയ്സ്വാൾ മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിരുന്നത്. ​ഗോവൻ ടീം തനിക്ക് നായകസ്ഥാനം വാ​ഗ്ദാനം ചെയ്തുവെന്നും അതിനാൽ അവർക്കായി കളിക്കാൻ അനുവദിക്കണമെന്നും ജയ്സ്വാൾ ആവശ്യപ്പെട്ടു. തുടർന്ന് എംസിഎ താരത്തിന് എൻഒസി നൽകുകയായിരുന്നു.

എന്നാൽ ഒരു മാസത്തിനുളളിൽ തന്നെ തൻ‌റെ തീരുമാനം മാറ്റി എൻഒസി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജയ്സ്വാൾ രം​ഗത്തെത്തി. മുംബൈ ടീമിൽ തന്നെ തുടരുവാനുളള അപേക്ഷയാണ് താരം നൽകിയത്. ഇതിനാണ് ഇപ്പോൾ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അനുമതി നൽകിയിരിക്കുന്നത്.

“യശസ്വി ജയ്സ്വാൾ മുംബൈ ക്രിക്കറ്റിന്റെ താരമാണെന്നും എൻഒസി പിൻവലിക്കണമെന്നുളള അദ്ദേഹത്തിന്റെ ആവശ്യം ഞങ്ങൾ അംഗീകരിച്ചിരിക്കുന്നുവെന്നുമാണ് എംസിഎ അറിയിച്ചത്. അടുത്ത ആഭ്യന്തര സീസണിൽ ജയ്സ്വാൾ ടീമിലുണ്ടാവും”, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അജിൻക്യ നായിക് അറിയിച്ചു.

Read more

നേരത്തെ മുംബൈ നായകൻ അജിൻക്യ രഹാനെയുമായുളള അസ്വാരസ്യത്തെ തുടർന്നാണ് ജയ്സ്വാൾ‌ മുംബൈ വിടാൻ തീരുമാനിച്ചതെന്ന തരത്തിൽ റിപ്പോർ‌ട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിൽ താരങ്ങളുടെ ഭാ​ഗത്തുനിന്നും പ്രതികരണങ്ങളൊന്നുമുണ്ടായില്ല.