ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ച് ആകല്ലേ കരിയര്‍ തുലയും,കേമന്‍മാരുടെ ജാതകദോഷം

ഫൈനലിലെ കേമന്‍മാരുടെ ജാതകദോഷം

2000 – രതീന്ദര്‍ സിംഗ് സോധി
2008 – അജിതേഷ് ആര്‍ഗല്‍
2012 – ഉന്‍മുക്ത് ചന്ദ്
2018 – മന്‍ജോത് കല്‍റ

ക്രിക്കറ്റ് പ്രേമികളുടെ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന U- 19 ലോകകപ്പുകളിലെ മിന്നും താരങ്ങള്‍. ഈ മിന്നും താരങ്ങളെ ക്രിക്കറ്റ് പ്രേമികള്‍ അറിയുന്നത് u- 19 ടൂര്‍ണമെന്റുകളില്‍ കാണിച്ച പ്രശംസനീയമായ പ്രകടനങ്ങളായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ വരും കാല വര്‍ഷങ്ങള്‍ അടക്കി ഭരിക്കാന്‍ പോകുന്ന താരങ്ങള്‍ നിസ്സംശയം വാഴ്ത്തപ്പെട്ട കൗമാരക്കാര്‍. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

രതീന്ദര്‍ സിംഗ് സോധി എന്ന യുവതാരം താരതമ്യം ചെയ്യപ്പെട്ടത് സാക്ഷാല്‍ കപില്‍ദേവിനോടായിരുന്നു .അതിനൊത്ത പ്രകടനങ്ങള്‍ കാഴ്ച വെച്ചുവെങ്കിലും പരിക്കുകള്‍ അദ്ദേഹത്തിന് വില്ലനായി .ഉന്‍മുക്ത് ചന്ദിന്റെ കാര്യത്തില്‍ 2012 ഫൈനല്‍ കണ്ട ഒരാളും അയാളുടെ പ്രതിഭയില്‍ സംശയിച്ചു കാണില്ല .എന്നാല്‍ ഫോം നഷ്ടപ്പെട്ട ചന്ദ് ഇപ്പോള്‍ ആഭ്യന്തര ടീമില്‍ പോലും ഇടം കാണാന്‍ ബുദ്ധിമുട്ടുന്നത് ക്രിക്കറ്റ് പ്രേമികളെ നിരാശയിലാഴ്ത്തുന്നു .അജിതേഷ് അഗര്‍വാളും മന്‍ജോത് കല്‍റയും വണ്‍ മാച്ച് വണ്ടര്‍ ആയി ജനഹൃദയങ്ങളില്‍ ഇടം പിടിച്ചവരായിരുന്നു.

ഇവരെയെല്ലാം പൊതുവായി ബന്ധിപ്പിക്കുന്ന ഒന്നുണ്ട്. ഇവരെല്ലാം ഇന്ത്യ ചാംപ്യന്‍മാരായ 4 ലോകകപ്പുകളിലെ ഫൈനലുകളിലെ ‘മാന്‍ ഓഫ് ദ മാച്ച് ‘ ആയിരുന്നു . ഒരു കൗമാരക്കാരന്‍ അവന്റെ ജീവിതത്തില്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന സ്വപ്നം സാക്ഷാത്കരിച്ച് ഭാവി പ്രതീക്ഷകളുടെ കനലുകള്‍ ജ്വലിപ്പിച്ചവര്‍. എന്നാല്‍ ഈ ഇന്ത്യന്‍ ഭാവി വാഗ്ദാനങ്ങള്‍ പിന്നീട് ക്രിക്കറ്റ് രംഗത്ത് നിന്നും വളരെ പെട്ടെന്ന് അസ്തമിക്കുന്ന ദയനീയ കാഴ്ചയാണ് ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്. സോധിയും ചന്ദും ഉറപ്പിച്ച പ്രതീക്ഷകളായപ്പോള്‍ അജിതേഷ് കളിയില്‍ നിന്ന് തന്നെ വ്യതിചലിച്ചു .കല്‍റ ആകട്ടെ പ്രായത്തട്ടിപ്പിന്റെ പേരിലുള്ള പ്രശ്‌നങ്ങളുമായി പോകുന്നു.

ഇതു വരെ നടന്ന 13 ലോകകപ്പ് ഫൈനലുകള്‍ പരിശോധിച്ചാല്‍ ഒരു കാര്യത്തില്‍ വലിയ പ്രത്യേകത കാണാം. പ്രത്യേകതയെക്കാള്‍ ഞെട്ടിക്കുന്ന കുറെ ദുഃഖസത്യങ്ങള്‍ എന്ന് പറയേണ്ടി വരും. ഈ 4 ഇന്ത്യക്കാര്‍ക്ക് മാത്രമല്ല ഇത് ബാധകം. ഒരു പക്ഷെ കണക്കുകള്‍ മാത്രം ബാധകമാക്കിയാല്‍ ഒരു യുവതാരം പോലും U-19 ലോകകപ്പില്‍ ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് ആകാന്‍ ആഗ്രഹിക്കില്ല .അത്ര മാത്രം ഭീകരമാണാ കണക്കുകള്‍.

U- 19 ലോകകപ്പുകളിലെ ആകെ എഡീഷനുകളിലെ 13 മാന്‍ ഓഫ് ദ മാച്ച് ആയ ഭാവി വാഗ്ദാനങ്ങളില്‍ 12 പേരും ഒരു ടെസ്റ്റ് മാച്ച് പോലും കളിച്ചിട്ടില്ല എന്നത് വിശ്വസിക്കാന്‍ പ്രയാസമായ ഒരു കണക്ക് ആയിരിക്കും. അടുത്ത കണക്ക് അതിനേക്കാള്‍ അവിശ്വസനീയമാണ്. ഈ 13 ല്‍ ഒരാള്‍ക്ക് പോലും 50 ഏകദിന മത്സരങ്ങളില്‍ ഇതു വരെ ദേശീയ ടീമിന്റെ ജഴ്‌സി അണിയാന്‍ പറ്റിയിട്ടില്ല. ലോകത്തിലെ പല ടീമുകളില്‍ നിന്നുള്ള ഈ 13 ല്‍ 10 പേരെയും കടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ കേട്ടിട്ട് പോലും ഇല്ല എന്ന് പറയുമ്പോള്‍ ചിലപ്പോ ഒരു തമാശ പറയുകയാണെന്ന് തോന്നിപ്പോകും.

13 പേരില്‍ ഒരു ഏകദിന മത്സരമെങ്കിലും രാജ്യത്തിനായി കളിച്ചവര്‍ വെറും 3 പേര്‍ .
13 പേരും ചേര്‍ന്ന് ആകെ കളിച്ചത് 51 ടെസ്റ്റുകളും 84 ഏകദിന മത്സരങ്ങളും മാത്രം. അതില്‍ 51 ടെസ്റ്റുകളും 44 ഏകദിനങ്ങളും കളിച്ചത് ആസ്‌ട്രേല്യയുടെ ജോഷ് ഹെയ്‌സല്‍ വുഡും. ബാക്കി 11 പേര്‍ ചേര്‍ന്ന് കളിച്ചത് 40 ഏകദിനങ്ങള്‍ മാത്രം. ഒരു ടെസ്റ്റ് പോലും കളിക്കാത്ത 11 പേര്‍. എന്നാല്‍ നിങ്ങള്‍ക്ക് ഭാവിയിലെ ഇതിഹാസമായി അറിയപ്പെടണമെങ്കില്‍ ധൈര്യപൂര്‍വം ടൂര്‍ണമെന്റിലെ ‘ Man of the series ‘ ആകാം എന്നും കണക്കുകള്‍ കാണിക്കുന്നു. ആദ്യ മാന്‍ ഓഫ് ദ ടുര്‍ണമെന്റ് യുവരാജ് മുതല്‍ തൈബു, ധവാന്‍, പൂജാര, സൗത്തി, മാര്‍ക്രം, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ വിശ്വ വിജയികളായവരും അതിന് കെല്പുള്ളവരും ആണ് .

ക്രിക്കറ്റില്‍ സ്ഥിരതായര്‍ന്ന പ്രകടനത്തിന് എത്ര പ്രാധാന്യമുണ്ടെന്ന് ഈ കണക്കുകളില്‍ നിന്നും തന്നെ മനസിലാക്കാം. വീണ്ടുമൊരു കൗമാര ലോകകപ്പ് സമാപിക്കുന്ന വേളയില്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് പ്രാര്‍ത്ഥിക്കാം ,വിരിയുന്നതിന് മുന്‍പെ കൊഴിയുന്ന പൂമൊട്ടുകള്‍ ആകാതെ വിടര്‍ന്ന പുഷ്പമായി ,പുഞ്ചിരി തൂകുന്ന ,സുഗന്ധം പരത്തുന്ന വര്‍ണ്ണ പുഷ്പങ്ങളാകാന്‍ പറ്റട്ടെ ഇനിയെങ്കിലും കലാശക്കൊട്ടിലെ കേമന്‍മാര്‍ക്ക് .

(കണക്കുകള്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ വരെ )