ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ്: ശ്രീശാന്തിനും ഗംഭീറിനുമെതിരെ നടപടിയ്ക്ക് സാധ്യത, നിലപാടറിയിച്ച് സയ്യിദ് കിര്‍മാണി

ഡിസംബര്‍ 6 ന് സൂറത്തിലെ ലാല്‍ഭായ് കോണ്‍ട്രാക്ടര്‍ സ്റ്റേഡിയത്തില്‍ നടന്ന ഗുജറാത്ത് ജയന്റ്‌സും ഇന്ത്യ ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിനിടെ മൈതാനത്തുണ്ടായ ഒരു സംഭവത്തെയും തുടര്‍ന്നുള്ള സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളെയും കുറിച്ച് തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കി ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ്. കളിക്കളത്തിലും പുറത്തും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായ സംഭവം പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നും ലീഗിന്റെ പെരുമാറ്റച്ചട്ട നൈതിക സമിതിയുടെ വ്യക്തമായ നിയമങ്ങള്‍ ലംഘിച്ച എല്ലാവര്‍ക്കുമെതിരെയും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്റെ പെരുമാറ്റച്ചട്ട നൈതിക സമിതിയുടെ തലവന്‍ സയ്യിദ് കിര്‍മാണി പറഞ്ഞു.

ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് ക്രിക്കറ്റിന്റെയും കായികക്ഷമതയുടെയും സ്പിരിറ്റ് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നു. പെരുമാറ്റച്ചട്ട ലംഘനത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുള്‍പ്പെടെ മൈതാനത്തിനകത്തും പുറത്തും നടക്കുന്ന ഏതൊരു മോശം പെരുമാറ്റവും കര്‍ശനമായി നേരിടും.

ലീഗിനും കളിയുടെ സ്പിരിറ്റിനും അവര്‍ പ്രതിനിധീകരിക്കുന്ന ടീമുകള്‍ക്കും അപകീര്‍ത്തി വരുത്തുന്ന കളിക്കാര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാക്കുകയും രാജ്യത്തും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളുമായി കളി പങ്കിടുന്നതിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ കരാറിലേര്‍പ്പെട്ടിരിക്കുന്ന എല്ലാ കളിക്കാരും മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട ചില നിബന്ധനകള്‍ക്ക് വിധേയരാണ്. പെരുമാറ്റച്ചട്ടം നിര്‍വചിച്ചിരിക്കുന്ന പെരുമാറ്റച്ചട്ടങ്ങള്‍ അനുസരിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും- സയ്യിദ് കിര്‍മാണി പറഞ്ഞു.