മുംബൈയ്‌ക്കെതിരായ മിന്നും സെഞ്ച്വറി; അസ്ഹറുദ്ദീന്റെ ഓരോ റണ്ണിനും ആയിരം രൂപ വെച്ച് സമ്മാനം

Advertisement

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കാസര്‍ഗോഡുകാരന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ മുംബൈയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയം നേടിയിരിക്കുകയാണ് കേരളം. മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് കേരളം മുംബൈയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 196 റണ്‍സ്. മറുപടി ബാറ്റിംഗില്‍ 25 പന്തു ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തി.

അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് കേരളത്തിന് ജയം അനായാസമാക്കിയത്. 54 പന്തില്‍ ഒന്‍പത് ഫോറും 11 സിക്‌സും സഹിതം 137 റണ്‍സുമായി അസ്ഹറുദ്ദീന്‍ പുറത്താകാതെ നിന്നു. അസ്ഹറുദ്ദീന് ഒരു റണ്ണിന് 1000 രൂപവച്ച് 1,37,000 രൂപ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) പാരിതോഷികം പ്രഖ്യാപിച്ചു. 20 പന്തില്‍നിന്ന് അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട അസ്ഹറുദ്ദീന്‍, 37 പന്തില്‍നിന്നാണ് 100 കടന്നത്.

Syed Mushtaq Ali Trophy: Kerala's Azharuddeen smashes joint-third fastest T20 century by an Indian

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരു കേരള താരത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്ന നേട്ടവും അസ്ഹറുദ്ദീന്‍ സ്വന്തമാക്കി. ഇത്തവണത്തെ സീസണില്‍ മണിപ്പൂരിനെതിരെ മേഘാലയയ്ക്കായി 149 റണ്‍സ് നേടിയ പുനീത് ബിഷ്താണ് ടൂര്‍ണമെന്റിലെ ഉയര്‍ന്ന സ്‌കോറര്‍.

കേരളത്തിനായി റോബിന്‍ ഉത്തപ്പ 23 പന്തില്‍ നാലു ഫോറുകള്‍ സഹിതം 33 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 12 പന്തില്‍ നാലു ഫോറുകള്‍ സഹിതം 21 റണ്‍സെടുത്ത് വിജയത്തിനരികെ പുറത്തായി. സച്ചിന്‍ ബേബി ഏഴു പന്തില്‍ രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു. ഈ സീസണില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.