ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ട് മാത്രം നല്ല കുഞ്ഞു ജനിക്കണമെന്നില്ല; റസാഖിന്റെ 'ഉപമ' വിവാദത്തില്‍

ലോകകപ്പിലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം വിശകലനം ചെയ്യവേ ബോളിവുഡ് നടി ഐശ്വര്യ റായിയുമായി ബന്ധപ്പെട്ട് പാക് മുന്‍ താരം അബ്ദുല്‍ റസാഖ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ട് മാത്രം നല്ല കുഞ്ഞു ജനിക്കണമെന്ന് നിര്‍ബന്ധമില്ല എന്ന അബ്ദുല്‍ റസാഖിന്റെ ‘ഉപമ’യാണ് വിവാദമായത്.

ക്യാപ്റ്റനെന്ന നിലയില്‍ വ്യക്തമായ ലക്ഷ്യവും ഉദ്ദേശ്യശുദ്ധിയുമുള്ള ആളായിരുന്നു യൂനിസ് ഖാന്‍. അദ്ദേഹത്തിന്റെ ഈ വ്യക്തത മികച്ച പ്രകടനം പുറത്തെടുക്കാന്‍ എനിക്ക് ആത്മവിശ്വാസം നല്‍കിയിരുന്നു. ഇവിടെയുള്ള എല്ലാവരും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനേക്കുറിച്ചും ഉദ്ദേശ്യശുദ്ധിയേക്കുറിച്ചുമാണ് സംസാരിക്കുന്നത്.

സത്യത്തില്‍, പാകിസ്ഥാനില്‍ മികച്ച താരങ്ങളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും എത്ര കണ്ട് ഉദ്ദേശ്യശുദ്ധിയുണ്ട് എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം നല്ല കുഞ്ഞു ജനിക്കുമെന്ന് ചിന്തിച്ചാല്‍ അതു നടക്കണമെന്നില്ല- എന്നാണ് റസാഖ് പറഞ്ഞത്.

ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ പാകിസ്ഥാന്‍ പുറത്തായിരുന്നു. ഒമ്പത് മത്സരത്തില്‍ നാല് ജയവും അഞ്ച് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായാണ് പാകിസ്ഥാന്‍ ലോകകപ്പിനോട് വിട പറഞ്ഞത്.