ഐപിഎല്‍ 2025 പ്ലേഓഫിലെ ക്വാളിഫയര്‍ 1 മത്സരത്തിന് യോഗ്യത നേടിയ രണ്ടാമത്തെ ടീമായിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. താത്കാലിക ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ്മയാണ് അവരെ വിജയതീരത്ത് എത്തിച്ചത്. പുറത്താവാതെ 33 പന്തുകളില്‍ 85 റണ്‍സടിച്ച് ഈ സീസണിലെ മികച്ച മാച്ച് വിന്നിങ് ഇന്നിങ്‌സുകളിലൊന്നാണ് ജിതേഷ് കാഴ്ചവച്ചത്. ആര്‍സിബി ഇന്നിങ്‌സില്‍ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ശേഷം സഹതാരം മായങ്ക് അഗര്‍വാളിനെ കൂട്ടുപിടിച്ച് ഇന്നിങ്‌സ് മുന്നോട്ടുനയിക്കുകയായിരുന്നു ജിതേഷ്.
ഇന്നലത്തെ മിന്നുംപ്രകടനത്തില്‍ വാര്‍ത്തകളില്‍ നിറയവേ ജിതേഷ് ശര്‍മ്മയുടെ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും നിറയുകയാണ്. ഒരു പോഡ്കാസ്റ്റില്‍ അവതാരകന്റെ ചോദ്യത്തിന് ജിതേശ് ശര്‍മ്മ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുന്നത്. ഈ സാല കപ്പ് നമ്‌ദേ (ഇത്തവണ കപ്പ് നമ്മളുടേത്) എന്ന് അവതാരകന്‍ പറയുമ്പോള്‍ അതെ ഇത്തവണ കപ്പ് നമുക്കാണ് എന്ന മറുപടി നല്‍കുകയാണ് ജിതേഷ്.
Read more
ആര്‍സിബി ആരാധകര്‍ക്ക് ഒരു സന്ദേശം നല്‍കാനുണ്ടെങ്കില്‍ അത് എന്താണ് എന്നാണ് അവതാരകന്റെ അടുത്ത ചോദ്യം. ഇതിന് മറുപടിയായി ഹായ് ഗയ്‌സ്, വിഷമിക്കേണ്ട, ജിതേഷ് ശര്‍മ്മ ഇവിടെയുണ്ട്, എല്ലാം ഞാന്‍ നോക്കിക്കോളാം എന്ന് താരം പറയുന്നു. പ്ലേഓഫിലെ ക്വാളിഫയര്‍ 1 മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് ആര്‍സിബിയുടെ എതിരാളികള്‍. മേയ് 29നാണ് ഈ മത്സരം.