ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ. ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റില്‍ 44 ഓവറുകള്‍ എറിഞ്ഞ ബുംറയ്ക്ക് അടുത്ത മത്സരത്തില്‍ വിശ്രമം അനുവദിക്കുന്നതിനെകുറിച്ച് മാനേജ്മെന്റ് ആലോചിക്കുന്നതായാണ് വിവരം. രണ്ടാം ടെസ്റ്റിൽ ബുംറയ്ക്ക് വിശ്രമം നൽകി മൂന്നാം ടെസ്റ്റിൽ അദ്ദേഹത്തെ കളിപ്പിക്കാനാണ് പദ്ധതിയെന്നാണ് സൂചന.
ജൂലൈ രണ്ട് മുതല്‍ ആറു വരെ ബിര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്. ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജായിരിക്കും ഇന്ത്യയുടെ പേസ് നിരയെ നയിക്കുക. ബുംറയ്ക്ക് പകരക്കാരനായി രണ്ടാം ടെസ്റ്റിൽ അർഷ്ദീപ് സിങിന് അവസരം ലഭിക്കാനും സാധ്യതയുണ്ട്. അർഷ്ദീപ് ടെസ്റ്റ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്. ഇവർക്കൊപ്പം പ്രസിദ്ധ് കൃഷ്ണയും ചേരുന്നതോടെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ഫാസ്റ്റ് ബോളർമാരുടെ ലൈനപ്പാവും.
Read more
അതേസമയം ജൂലൈ പത്തിന് ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ ബുംറ ടീമില്‍ തിരിച്ചെത്താനാണ് സാധ്യത. ആദ്യ ടെസ്റ്റിലെ ഒന്നാമിന്നിങ്സിൽ അഞ്ച് വിക്കറ്റ് നേടി മികച്ച തുടക്കമാണ് പരമ്പരയിൽ ബുംറ കാഴ്ചവച്ചത്. എന്നാൽ രണ്ടാം ഇന്നിങ്സിൽ താരത്തിന് വിക്കറ്റുകളൊന്നും വീഴ്ത്താനായില്ല, തന്റെ ജോലിഭാരം കുറയ്‌ക്കണമെന്ന് ബുംറ നേരത്തേ തന്നെ മാനേജ്മെന്‍റിനെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമേ ബുംറ കളിക്കൂവെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നത്.