'ജയ്സ്വാള്‍ ആ ഇതിഹാസത്തെ ഓര്‍മ്മിപ്പിക്കുന്നു'; നിരീക്ഷണവുമായി ശാസ്ത്രി

യശ്വസി ജയ്സ്വാള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ ഓര്‍മ്മിപ്പിക്കുന്നെന്ന് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ ജയ്‌സ്വാള്‍ നേടിയ മിന്നും സെഞ്ച്വറിയുടെ പശ്ചാത്തലത്തിലാണ് ശാസ്ത്രിയുടെ ഈ നിരീക്ഷണം. ഒന്നും അസാധ്യമല്ല എന്നതിന്റെ ഉദാഹരണമാണ് ജയ്‌സ്വാള്‍ എന്ന് രവി ശാസ്ത്രി പറഞ്ഞു.

ജയ്സ്വാള്‍ രണ്ടാം ഇന്നിംഗ്സില്‍ അവസരത്തിനൊത്ത് ഉയര്‍ന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. ബാറ്റുകൊണ്ട് മാത്രമല്ല ഫീല്‍ഡിംഗുകൊണ്ടും അവന്‍ തിളങ്ങി. രോഹിത്തിന് പാര്‍ട്ട് ടൈം സ്പിന്നറായും ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് ജയ്സ്വാള്‍.

അവന്റെ പ്രകടനം എന്നെ ഓര്‍മിപ്പിക്കുന്നത് യുവ സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ്. എപ്പോഴും അദ്ദേഹം കളത്തില്‍ തിരക്കിലായിരുന്നു. നിങ്ങള്‍ നിങ്ങളെ വിശ്വസിച്ചാല്‍ ഒരു പ്രതീക്ഷയുണ്ടാവും. അന്നും അസാധ്യമല്ല എന്നതിന്റെ ഉദാഹരണമാണ് അവന്‍- രവി ശാസ്ത്രി പറഞ്ഞു.

മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റിന് 196 റണ്‍സെന്ന മികച്ച നിലയിലാണ് ഇന്ത്യ. നിലവില്‍ 322 റണ്‍സിന്റെ ലീഡുണ്ട്. ജയ്സ്വാളിന്റെ സെഞ്ച്വറി (104) പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 133 പന്ത് നേരിട്ട് 9 ഫോറും 5 സിക്സും ഉള്‍പ്പെടെ കസറിയ താരം പരിക്കേറ്റ് റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങി.