ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ അടുത്തിടെ വിരലിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഈ മാസം ആദ്യം (ഫെബ്രുവരി 2) മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. മത്സരത്തിൻ്റെ മൂന്നാം പന്തിൽ ഇംഗ്ലീഷ് ബൗളർ ജോഫ്ര ആർച്ചറുടെ വേഗത്തിലുള്ള ഡെലിവറി സാംസണിൻ്റെ ചൂണ്ടുവിരലിൽ അടിക്കുക ആയിരുന്നു.
അതിനിടെ ചികിത്സയ്ക്ക് ശേഷം, ബാറ്റിംഗ് തുടർന്നെങ്കിലും അടുത്ത ഓവറിൽ ഒരു വലിയ ഷോട്ട് കളിക്കാൻ ശ്രമിക്കുന്നതിനിടെ സഞ്ജു പുറത്തായി. ശേഷം ഇംഗ്ലണ്ട് ബാറ്റിങിനിടെ ദ്രുവ് ജുറലാണ് സഞ്ജുവിന് പകരം കീപ്പിങ് ഗ്ലൗസ് അണിഞ്ഞത്. അപ്പോൾ തന്നെ പരിക്കിന്റെ ഭീകരത സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു.
എന്തായാലും ശസ്ത്രക്രിയ കഴിഞ്ഞ് അതിന്റെ വിശ്രമത്തിൽ ഇരിക്കുന്ന സഞ്ജു പരിശീലനം ആരംഭിക്കാൻ സമയം എടുക്കും എന്ന റിപ്പോർട്ടുകളാണ് വരുന്നത്. അങ്ങനെ വന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് സമയത്ത് സഞ്ജു ഫിറ്റ്നസ് നേടി കളത്തിൽ ഇറങ്ങുമോ എന്ന കാര്യം കണ്ടറിയേണ്ടി വരും. ചിലപ്പോൾ താരത്തിന് സീസൺ തന്നെ നഷ്ടമായേക്കും എന്ന വാർത്തകളും വരുന്നുണ്ട്.
ശസ്ത്രക്രിയയ്ക്ക് ശേഷം സഞ്ജു വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് എന്തായാലും രാജസ്ഥാൻ റോയൽസ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ:
“ഉടൻ സുഖം പ്രാപിക്കൂ, നായകൻ ”
ഇന്ത്യൻ ടീമിൽ മത്സരം വളരെയധികം കൂടി വരുന്ന സാഹചര്യത്തിൽ സഞ്ജുവിന് ഈ ഇന്ത്യൻ പ്രീമിയർ ലീഗ് അതിനിർണയാകാം ആയ സാഹചര്യത്തിലാണ് പരിക്ക് ചതിക്കുന്നത്.