ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ 0-3 തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ താരങ്ങൾ വലിയ രീതിയിൽ ഉള്ള വിഷമത്തിലാണ്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം മൂന്ന് റെഡ് ബോൾ മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിലെ എല്ലാ മത്സരങ്ങളും ഇന്ത്യയെ തകർത്തെറിഞ്ഞ് ജയം സ്വന്തമാക്കുന്നത്. ഇപ്പോഴിതാ സ്വന്തം തട്ടകത്തിൽ തോറ്റതിൻ്റെ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ.
ഇതിഹാസ സ്പിന്നർ കിവീസിനെതിരെ പൂർണ്ണമായും നിരാശപെടുത്തിയിരുന്നു. ബോളിങ്ങിലും ബാറ്റിംഗിലും വലിയ സംഭാവനകളൊന്നും താരം നൽകിയില്ല. തോൽവിക്ക് പിന്നിലെ കാരണങ്ങളിലൊന്ന് താനും ആണെന്ന് അശ്വിൻ കരുതുന്നു. സാധാരണ ഇന്ത്യൻ മണ്ണിൽ നടക്കുന്ന പരമ്പരയിൽ അശ്വിൻ ആണ് ഇന്ത്യൻ വിജയത്തെ സഹായിക്കുന്നത്. ഇത്തവണ അശ്വിൻ നിരാശപെടുത്തിയത് നിരാശക്ക് കാരണമായി.
എട്ട് വിക്കറ്റിൻ്റെ തോൽവിയോടെയാണ് കിവീസ് പരമ്പര തുടങ്ങിയത്. രണ്ടാം മത്സരത്തിൽ ആതിഥേയ ടീമിൽ നിന്ന് ഒരു തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിച്ചപ്പോൾ കളിക്കാർ നിരാശപ്പെടുത്തി, മത്സരത്തിൽ ഇന്ത്യ 113 റൺസിന് തോറ്റു. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം മത്സരത്തിൽ രോഹിത് ശർമ്മയുടെ ടീമിന് 147 റൺസ് പിന്തുടരാനായില്ല. മത്സരത്തിൽ 25 റൺസിന് സന്ദർശകർ വിജയിച്ചു.
“എൻ്റെ കരിയറിലെ ഏറ്റവും തകർന്ന അനുഭവമായിരുന്നു അത്. ഞങ്ങൾക്ക് ഇന്ത്യയിൽ മുമ്പ് സമാനമായ ഒരു സാഹചര്യം ഉണ്ടായിട്ടില്ല. പരമ്പര തോറ്റതിന് ശേഷം രണ്ട് മൂന്ന് ദിവസത്തേക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ വിഷമിച്ചു. ഞങ്ങൾ ബാറ്റിംഗ് തകർച്ച നേരിട്ടപ്പോൾ ലോവർ ഓർഡറിൽ റൺസ് സ്കോർ ചെയ്യാൻ കഴിയാതെ പോയതോടെ ഞാനും തോൽവിക്ക് കാരണമായി” രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.
6 ഇന്നിംഗ്സുകളിൽ നിന്ന് 8.50 ശരാശരിയിൽ 51 റൺസ് മാത്രമാണ് അശ്വിൻ നേടിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 41.22 ശരാശരിയിൽ ഒമ്പത് വിക്കറ്റുകൾ വീഴ്ത്തിയ അശ്വിൻ ബോളിങ്ങിലും തിളങ്ങിയില്ല . ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ അശ്വിൻ ഇപ്പോൾ കളിക്കും.