ഐപിഎല്‍ പ്ലേ ഓഫ്: ചെന്നൈയും സുരക്ഷിതരല്ല, സാധ്യതകള്‍ ഇങ്ങനെ

ഐപിഎല്‍ 16ാം സീസണിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാന ഘട്ടത്തോട് അടുക്കുമ്പോള്‍ 10 ടീമുകളില്‍ നിലവില്‍ ഒരു ടീം മാത്രമാണ് പ്ലേഓഫില്‍ കടന്നിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് ഇതിനോടകം പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചിട്ടുള്ളത്. അഞ്ച് ടീമുകളുടെ പ്ലേഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു. അതുകൊണ്ട് തന്നെ മൂന്ന് സീറ്റുകള്‍ക്കായി നാല ടീമുകള്‍ ഇപ്പോഴും പോരാടുകയാണ്.

സിഎസ്‌കെയുടെ സാധ്യതകളിലേക്ക് വരുമ്പോള്‍ 13 മത്സരത്തില്‍ നിന്ന് 7 ജയത്തോടെ 15 പോയിന്റുമായി അവര്‍ രണ്ടാം സ്ഥാനത്തുണ്ട്. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് സിഎസ്‌കെയുടെ എതിരാളികള്‍. ഈ മത്സരം തോറ്റാല്‍ സിഎസ്‌കെ ആശങ്കപ്പെടണം. കാരണം 14 മത്സരത്തില്‍ 15 പോയിന്റാവും സിഎസ്‌കെയ്ക്ക് ലഭിക്കുക.

ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സും മുംബൈ ഇന്ത്യന്‍സും അവസാന മത്സരങ്ങള്‍ ജയിക്കുകയും ആര്‍സിബി അവസാന രണ്ട് മത്സരങ്ങള്‍ ജയിക്കുകയും ചെയ്താല്‍ സിഎസ്‌കെയ്ക്ക് പ്ലേ ഓഫ് കാണാതെ മടങ്ങേണ്ടി വരും.

ശനിയാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന ഈ മത്സരത്തില്‍ ചെന്നൈയ്ക്ക് ജയിച്ചേ തീരു. ചെപ്പോക്കില്‍ നടന്ന ഏറെ നിര്‍ണായകമായ മത്സരത്തില്‍ കെകെആറിനോട് തോല്‍വി വഴങ്ങിയതാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്.