ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർത്തുവെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും യുറേനിയം സമ്പുഷ്ടീകരണ പദ്ധതി ഉപേക്ഷിക്കാൻ കഴിയില്ലെന്ന പ്രസ്താവനയുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി രംഗത്ത്. ദേശീയ അഭിമാനത്തിന്റെ പ്രശ്നമായതിനാൽ ആണവ സമ്പുഷ്‌ടീകരണം തുടരുകതന്നെ ചെയ്യും എന്നാണ് അറാഖ്‌ചി ഫോക്‌സ് ന്യൂസിനോട് പറഞ്ഞത്.
നാശനഷ്ടങ്ങൾ ഗുരുതരമാണ്. ആണവ സമ്പുഷ്‌ടീകരണ പദ്ധതി നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ, തുടരുകതന്നെ ചെയ്യും എന്നും വിദേശകാര്യ മന്ത്രി പറയുന്നു. സ്റ്റെൽത്ത് ബോംബർ ആക്രമണങ്ങൾ നടത്തിയെങ്കിലും അമേരിക്കയുമായി ഇനിയും ചർച്ചകൾക്ക് തയ്യാറാണെന്ന് അറാഖ്‌ചി അറിയിച്ചു. എന്നാൽ, അത് നേരിട്ടുള്ള ചർച്ചകളായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇറാൻ്റെ ആണവപദ്ധതി സമാധാനപരമാണെന്നും അത് സമാധാനപരമായി തുടരുമെന്നും ഇറാൻ ഒരിക്കലും ആണവായുധങ്ങൾക്കായി പോകില്ലെന്നും തെളിയിക്കാൻ ആവശ്യമായ ഏത് നടപടികൾക്കും ഞങ്ങൾ തയ്യാറാണ്. പകരമായി, അവർ ഉപരോധം നീക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,’ വിദേശകാര്യ മന്ത്രി പറഞ്ഞു.
ആക്രമണങ്ങൾ ഇറാൻ്റെ സമ്പുഷ്‌ടീകരിച്ച യൂറേനിയത്തെ എങ്ങനെ ബാധിച്ചുവെന്ന് ഇറാൻ്റെ ആണവോർജ്ജ സംഘടന വിലയിരുത്തുകയാണെന്നും കണ്ടെത്തലുകൾ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയെ (ഐഎഇഎ) അറിയിക്കുമെന്നും അറാഖ്‌ചി പറഞ്ഞു. എന്നാൽ, ഐഎഇഎയുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവയ്ക്കുന്ന നിയമത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ഒപ്പുവെച്ചതിനെ തുടർന്ന് ഐഎഇഎ പരിശോധകർ ഈ മാസാദ്യം ഇറാൻ വിട്ടിരുന്നു.
Read more
അതേസമയം, തുർക്കിയിൽ വെച്ച് ഇറാൻ, ഫ്രാൻസ്, ജർമ്മനി, യുകെ പ്രതിനിധികളുമായി 25-ന് ചർച്ച നടത്താൻ ഇറാൻ തയ്യാറെടുക്കുന്നുണ്ട്. ചർച്ച ഐക്യരാഷ്ട്ര സഭ സ്വാഗതം ചെയ്യുന്നതായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു.