IPL 2026: 'ഞാൻ മുന്നോട്ട് പോവുകയാണ്...'; സിഎസ്കെ പ്രവേശനത്തിന് പിന്നാലെ കുറിപ്പുമായി സഞ്ജു

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വ്യാപാര കരാറുമായി സഞ്ജു സാംസൺ ചരിത്രം സൃഷ്ടിച്ചു. വർഷങ്ങളായി രാജസ്ഥാൻ റോയൽസിനായി കളിച്ചതിന് ശേഷം, കേരള കീപ്പർ ബാറ്റർ ചെന്നൈ സൂപ്പർ കിംഗ്‌സിൽ (സി‌എസ്‌കെ) പുതിയൊരു ഇടം സ്വന്തമാക്കി. സഞ്ജു ടീമിലെത്തുന്ന കാര്യം ചെന്നൈ സൂപ്പർ കിം​ഗ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പകരം രവീന്ദ്ര ജ‍ഡേജയും ഇംഗ്ലണ്ട് താരം സാം കറനും ചെന്നൈയിൽനിന്ന് രാജസ്ഥാൻ റോയൽസിലുമെത്തി.

ശനിയാഴ്ച, ഐ‌പി‌എല്ലിൽ നിന്നുള്ള ഒരു പത്രക്കുറിപ്പിൽ സാംസൺ 18 കോടി രൂപയ്ക്ക് സി‌എസ്‌കെയിലേക്ക് മാറിയതായും രവീന്ദ്ര ജഡേജയും സാം കറനും യഥാക്രമം 14 കോടി രൂപയ്ക്കും 2.4 കോടി രൂപയ്ക്കും ആർ‌ആറിലേക്ക് മാറിയതായും സ്ഥിരീകരിച്ചു. കൂടുമാറ്റം ഔദ്യോഗികമായതിനു പിന്നാലെ സഞ്ജുവും പ്രതികരണവുമായി രംഗത്തെത്തി.

“നമ്മള്‍ ഇവിടെ കുറച്ചു കാലമേ ഉള്ളൂ. ഈ ഫ്രാഞ്ചൈസിക്ക് എന്റെ എല്ലാം നല്‍കി, മികച്ച ക്രിക്കറ്റ് ആസ്വദിച്ചു. ജീവിതകാലം മുഴുവനിലേക്കുമുള്ള ചില ബന്ധങ്ങള്‍ സ്ഥാപിച്ചു. ഫ്രാഞ്ചൈസിയില്‍ ഉള്ള എല്ലാവരെയും എന്റെ കുടുംബത്തെപ്പോലെ പരിഗണിച്ചു.. പിന്നെ സമയമാകുമ്പോൾ.. ഞാൻ മുന്നോട്ട് പോവുകയാണ്… എല്ലാത്തിനും എല്ലായ്പ്പോഴും നന്ദിയുള്ളവനായിരിക്കും,” സഞ്ജു സാംസണ്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു.

2012ൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെ ഐപിഎൽ അരങ്ങേറ്റം കുറിച്ച സഞ്ജു 2013ലാണ് രാജസ്ഥാനിലെത്തിയത്. പിന്നീട് 2 സീസണുകളിൽ ഡൽഹി ഡെയർഡെവിൾസ് താരമായിരുന്ന സഞ്ജു, 2018ൽ വീണ്ടും രാജസ്ഥാനിലെത്തി. 2021ൽ ക്യാപ്റ്റനായി.

View this post on Instagram

A post shared by Sanju V Samson (@imsanjusamson)

Read more