2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഇന്നലെ നടന്ന മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു. പതിനെട്ടാം സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ടീമിന്, സീസണിന്റെ അവസാനത്തോട് അടിക്കുമ്പോൾ താളം നഷ്ടപെട്ടിരിക്കുകയാണ്. പഞ്ചാബ് കിംഗ്‌സിനെതിരായ ഇന്നലത്തെ 38 റൺസിന്റെ തോൽവി ടീമിന്റെ ആറാമത്തെ തോൽവിയായിരുന്നു. ഇനി പ്ലേ ഓഫ് പ്രതീക്ഷകൾക്കായി ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും അവർ ജയിക്കേണ്ടതുണ്ട്.
27 കോടി രൂപയ്ക്ക് റെക്കോർഡ് തുകയ്ക്ക് വാങ്ങിയ ക്യാപ്റ്റൻ ഋഷഭ് പന്ത് ഒരു നായകനെന്ന നിലയിലും ബാറ്റ്‌സ്മാൻ എന്ന നിലയിലും വലിയ നിരാശയാണ് സമ്മാനിച്ചത് . ഒരു അർദ്ധ സെഞ്ച്വറി നേടിയതൊഴിച്ചാൽ പന്തിനെ സംബന്ധിച്ച് സീസണിൽ ഒരുക്കാനായി പ്രത്യേകിച്ച് ഒരു നേട്ടവും ഇല്ലാത്ത സീസണാണ് കടന്നുപോയത്.
ടൂർണമെന്റിന്റെ ആദ്യ പകുതിയിൽ ക്യാപ്റ്റനെന്ന നിലയിൽ മികച്ച നീക്കങ്ങൾ നടത്തിയിരുന്ന അദ്ദേഹം ഇപ്പോൾ അവസാനം ആ കാര്യത്തിലും പിറകിൽ പോയി. ഫ്രാഞ്ചൈസിയുടെ പരാജയത്തിന് പിന്നിലെ മറ്റൊരു കാരണം ഹെഡ് കോച്ച് ജസ്റ്റിൻ ലാംഗറും മെന്റർ സഹീർ ഖാനും തമ്മിലുള്ള ബന്ധത്തിലെ തകർച്ചയായിരിക്കാം എന്ന അഭിപ്രായവും ശക്തമാണ്.
ഇരുവരും തമ്മിൽ സംസാരം തന്നെ കുറവ് ആണെന്നാണ് വാർത്ത. തന്ത്രപരമായ കാര്യങ്ങൾ എല്ലാം സഹീർ തീരുമാനിക്കുമ്പോൾ, ലാംഗർ ചിത്രത്തിൽ ഒരിടത്തും ഇല്ല. സഹീർ പന്തിനോട് സംസാരിക്കുന്നത് കാണാൻ സാധിക്കുമ്പോൾ ലാംഗർ മറ്റുള്ള താരങ്ങളോട് സംസാരിക്കും. മുൻ കളിക്കാരൻ മുഹമ്മദ് കൈഫ് ഈ വിഷയത്തിൽ അഭിപ്രായപ്പെടുകയും എൽഎസ്‌ജിയിലെ രണ്ട് പരിശീലകരും തമ്മിൽ തർക്കത്തിലാണെന്ന് വ്യക്തമായ സൂചന നൽകുകയും ചെയ്തു.
“സഹീറും ലാംഗറും സംസാരിക്കുകയോ ഒരുമിച്ച് ഇരിക്കുകയോ ചെയ്യുന്നില്ല. അവർ കളിക്കാരോട് വ്യത്യസ്തമായി സംസാരിക്കുന്നു. നിങ്ങൾ ഒരു പുതിയ ഗ്രൂപ്പാകുമ്പോൾ, ഇണങ്ങാൻ സമയമെടുക്കുമെന്ന് എനിക്കറിയാം, പക്ഷേ അതിശയകരമെന്നു പറയട്ടെ, കോർ ഗ്രൂപ്പിന്റെ ഭാഗമായിട്ടും അവർ അതിൽ ഇടപെടുന്നില്ല. ടൂർണമെന്റിന്റെ അവസാനമാണിത്, നിങ്ങൾ ഒരുമിച്ച് നിൽക്കണം ”മുഹമ്മദ് കൈഫ് പറഞ്ഞു.
Read more
കളിക്കാരുടെ ഫോം കണക്കിലെടുക്കുമ്പോൾ, ലഖ്‌നൗവിന്റെ സീസൺ അവസാനിച്ചതായി തന്നെയാണ് മനസിലാക്കുന്നത്. തുടക്കത്തിൽ നല്ല ഫോമിൽ കളിച്ച നിക്കോളസ് പൂരൻ അടക്കമുള്ള താരങ്ങളും ഇപ്പോൾ ഫോമിൽ അല്ല.