IPL 2025: ഉണ്ടാക്കിയെടുത്ത പാരമ്പര്യവും വിലയും ഒകെ കുറഞ്ഞ് വരുന്നുണ്ട്, ആ കാര്യം എങ്കിലും ഒന്ന്...; ധോണിക്കെതിരെ നവ്‌ജ്യോത് സിംഗ് സിദ്ധു; പറഞ്ഞത് ഇങ്ങനെ

ഐപിഎല്ലിന്റെ 18-ാം സീസണിൽ ഇന്നലെ നടന്ന പോരിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സ് 25 റൺസിന്റെ തോൽവി നേരിട്ടതിന് ശേഷം എംഎസ് ധോണി വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നേരിടുന്നത്. ഡൽഹി ഉയർത്തിയ ലക്ഷ്യം പിന്തുടർന്നപ്പോൾ 26 പന്തിൽ നിന്ന് 30 റൺസ് നേടി ധോണി പുറത്താകാതെ നിന്നു. തുടക്കം മുതൽ ജയിക്കാനുള്ള ഒരു ആഗ്രഹവും ഇല്ലാതെ ഉള്ള ഇന്നിംഗ്സ് ആണ് താരം കളിച്ചത്. 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടീമിനായി വമ്പനടികൾ അടിക്കുമെന്ന് കരുതിയ താരം 1 സിക്സും 1 ഫോറും മാത്രമാണ് നേടിയത്. അഞ്ച് വിക്കറ്റ് മാത്രം നഷ്ടമായ ചെന്നൈയ്ക്ക് 158 റൺസ് മാത്രമേ നേടാനായുള്ളൂ. ഐപിഎൽ 2025 ലെ തുടർച്ചയായ മൂന്നാം തോൽവി അവരെ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്ക് തള്ളിവിട്ടു.

മുമ്പ് തന്റെ തകർപ്പൻ ഫിനിഷിങ് മികവ് കൊണ്ട് എതിരാളികളെ തകർത്തെറിഞ്ഞിട്ടുള്ള ധോണിക്ക് ഇത് എന്താണ് സംഭവിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. കാൽമുട്ടിനേറ്റ പരിക്കുമൂലം 43-കാരനായ ധോണി ഇതുവരെ കൂടുതൽ പന്തുകൾ നേരിടുന്നതിനോ മധ്യനിരയിൽ ബാറ്റ് ചെയ്യുന്നതിനോ താൽപര്യം കാണിച്ചിട്ടില്ല. എന്തായാലും മുൻ ഇന്ത്യൻ താരം നവ്‌ജ്യോത് സിംഗ് സിദ്ധു ധോണിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ സംഭാവന നൽകാതിരിക്കുന്നതിലൂടെ ധോണി തന്റെ പാരമ്പര്യത്തിന് കൂടുതൽ ദോഷം ചെയ്യുന്നുവെന്ന് അദ്ദേഹം കരുതുന്നു.

“അദ്ദേഹത്തിന്റെ മത്സര വിജയ ഓർമ്മകൾ ഞങ്ങളുടെ മനസ്സിലുണ്ട്. പഴയകാല ധോണിയെ ഞങ്ങൾ ഇപ്പോഴും ഓർക്കുന്നു. മത്സരങ്ങൾ ജയിക്കാൻ ഒരു ഉദ്ദേശ്യവുമില്ലാത്ത ധോണിയെ ഇപ്പോഴത്തെ അവസ്ഥയിൽ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ജയമോ തോൽവിയോ ആർക്കും സംഭവിക്കാം, പക്ഷേ നമ്മൾ കുറച്ച് പോരാട്ടം കാണിക്കേണ്ടതുണ്ട്.”

“സി‌എസ്‌കെയ്‌ക്കെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ചെയ്തത് ഇതാണ്. എം‌എസ് ധോണിയുടെ പാരമ്പര്യത്തെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോൾ എനിക്ക് ഭയമുണ്ട്. അത് കുറയാൻ സാധ്യതയുണ്ട്. സത്യം എപ്പോഴും കയ്പേറിയതാണ്, പക്ഷേ നിങ്ങൾക്ക് അതിൽ നിന്ന് ഓടിപ്പോകാൻ കഴിയില്ല,” നവ്ജ്യോത് സിംഗ് സിദ്ധു പറഞ്ഞു.