2019-ൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ റൺ ചെയ്‌സ് നടക്കുന്നതിനിടെ , ഇന്ത്യൻ പ്രീമിയർ ലീഗിൽ തനിക്ക് പറ്റിയ വലിയ തെറ്റിനെക്കുറിച്ച് എം.എസ്. ധോണി തുറന്നു പറഞ്ഞു. മത്സരത്തിന്റെ അവസാന ഓവറിൽ രാജസ്ഥാന്റെ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് എറിഞ്ഞ നോ ബോൾ സംഭവം ചോദ്യം ചെയ്യാൻ എത്തിയ കാര്യമാണ് ധോണി ഓർമിപ്പിച്ചത്.
നോൺ-സ്ട്രൈക്കറുടെ എന്റിൽ നിന്ന അമ്പയർ അത് നോ-ബോൾ എന്ന് വിളിച്ചു, പക്ഷേ സ്ക്വയർ ലെഗ് ഒഫീഷ്യൽ ആ തീരുമാനം റദ്ദാക്കി. ഡഗ് ഔട്ടിൽ ഇരുന്ന ധോണിക്ക് ഇത് ഇഷ്ടപ്പെട്ടില്ല, അതിനാൽ അദ്ദേഹം ഫീൽഡിൽ ഇറങ്ങി അമ്പയർമാരുമായി തർക്കിക്കാൻ തുടങ്ങി. തൊട്ടുപിന്നാലെ തീരുമാനം ചെന്നൈക്ക് അനുകൂലമായി വിധിക്കപ്പെടുകയും ചെയ്യുക ആയിരുന്നു.
ഒരു പരിപാടിയിൽ മന്ദിര ബേദിയോട് സംസാരിക്കുമ്പോൾ, താൻ പലപ്പോഴും ദേഷ്യപ്പെട്ടിട്ടുണ്ടെന്നും അതിൽ തനിക്ക് പറ്റിയ തെറ്റിനെക്കുറിച്ചും പറഞ്ഞിരിക്കുകയാണ്.
“ഇത് പലതവണ സംഭവിച്ചിട്ടുണ്ട്. ഐപിഎൽ മത്സരങ്ങളിൽ ഒന്നിൽ ഞാൻ മൈതാനത്തേക്ക് നടന്നു. അതൊരു വലിയ തെറ്റായിരുന്നു. എല്ലാ കളിയും ജയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു, സാഹചര്യം വഷളാകുമ്പോൾ, നിങ്ങളുടെ വായ അടച്ച് മാറിനിൽക്കുന്നതാണ് നല്ലത്. സമ്മർദ്ദം കൈകാര്യം കൂൾ ആയി നിൽക്കുന്നതാണ് നല്ലത്” എംഎസ് ധോണി പറഞ്ഞു.
ധോണി അന്നത്തെ തന്റെ പെരുമാറ്റത്തിൽ ഖേദിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ മുൻ സിഎസ്‌കെ സഹതാരം റോബിൻ ഉത്തപ്പ വെളിപ്പെടുത്തിയിരുന്നു.
“ഞാൻ അദ്ദേഹത്തോട് സംസാരിച്ചു, അദ്ദേഹം അസ്വസ്ഥനായിരുന്നു. നോൺ-സ്ട്രൈക്കർ അമ്പയർ അതിനെ നോ-ബോൾ എന്ന് വിളിച്ചപ്പോൾ, തീരുമാനം നിലനിൽക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹത്തിന് തോന്നി. അദ്ദേഹം മൈതാനത്തേക്ക് പോയി, പക്ഷേ കുറച്ച് സമയത്തിന് ശേഷം അതിൽ ഖേദിച്ചു,” ജിയോ സിനിമയിൽ ഉത്തപ്പ പറഞ്ഞു.
ചെന്നൈ 4 കോടി രൂപയ്ക്ക് അൺക്യാപ്പ്ഡ് പ്ലെയറായി നിലനിർത്തിയ ധോണി തന്റെ 18-ാം സീസണിൽ ഇറങ്ങും. മാർച്ച് 23 ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് സിഎസ്‌കെയുടെ ആദ്യ മത്സരം.