ഇന്ത്യൻ ക്രിക്കറ്റിലെ എന്ന ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസ താരമായി തുടരുന്ന താരമാണ് മഹേന്ദ്ര സിംഗ് ധോണി. 2020 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും, ചെന്നൈ സൂപ്പർ കിംഗ്സിന്റെ (സിഎസ്കെ) അംഗമായി അദ്ദേഹം ഐപിഎല്ലിൽ കളിക്കുന്നത് തുടരുന്നു. ഋതുരാജ് ഗെയ്ക്വാദിന്റെ പരിക്കിനെത്തുടർന്ന്, 43 വയസ്സുള്ള ധോണി ക്യാപ്റ്റനായി തിരിച്ചെത്തി. കഴിഞ്ഞ സീസണിൽ ബാറ്റിംഗിൽ മികവ് കാണിച്ച ധോണിക്ക് ഈ സീസണിൽ കാര്യമായ ഒന്നും ചെയ്യാനായിട്ടില്ല. അതിനാൽ തന്നെ താരം ഈ സീസണിൽ വിരമിക്കും എന്ന വാർത്തയും പ്രചരിക്കുന്നുണ്ട്.
തങ്ങളുടെ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് ചെന്നൈ ഈ സീസണിൽ നടത്തുന്നത്. വെറും 2 മത്സരങ്ങൾ മാത്രം ജയിച്ച അവർ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് നിൽക്കുന്നത്. ടീമിനെ സംബന്ധിച്ച് വമ്പൻ അഴിച്ചുപണി നടത്തിയാൽ മാത്രമേ ഇനി ഒരു തിരിച്ചുവരവ് സാധിക്കു എന്ന് ഉറപ്പാണ്.
ധോണിയുടെ ബാല്യകാല പരിശീലകനായ കേശവ് രഞ്ജൻ ബാനർജി, താരത്തിന്റെ ഭാവിയെക്കുറിച്ച് ഒരു സുപ്രധാന പ്രസ്താവന നടത്തി വന്നിരിക്കുകയാണ്. “ഭാവിയിലേക്ക് സിഎസ്കെ ടീമിനെ തയ്യാറാക്കുന്ന തിരക്കിലാണ് ധോണി ഇപ്പോൾ,” ബാനർജി പറഞ്ഞു.
“ഇത് അദ്ദേഹത്തിന്റെ അവസാന ഐപിഎൽ സീസണാണോ എന്ന് എംഎസ് ധോണിക്ക് മാത്രമേ അറിയൂ. കഴിയുന്നത്ര കാലം അദ്ദേഹം കളിക്കുന്നത് കാണാൻ ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. “സിഎസ്കെ മുന്നോട്ട് പോകാൻ ആഗ്രഹിച്ചിരുന്നെങ്കിൽ, ഐപിഎൽ 2025 ലേലത്തിന് മുമ്പ് അവർ അദ്ദേഹത്തെ വിട്ടയക്കുമായിരുന്നു. എന്നിരുന്നാലും, ടീമിനെ നയിക്കുന്നതിലും ഉപദേശിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് വിലമതിക്കുന്നതിനാൽ അവർ അദ്ദേഹത്തെ നിലനിർത്താൻ തീരുമാനിച്ചു. അതിനാൽ, അടുത്ത ഐപിഎല്ലിലും അദ്ദേഹം കളിക്കുന്നത് നമുക്ക് കാണാൻ കഴിഞ്ഞേക്കും.”
അതേസമയം, സ്പോർട്സ് ടുഡേയോട് സംസാരിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ, ധോണി ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടിയാണ് കളിക്കുന്നതെന്ന് പറഞ്ഞു. ഇനി മുതൽ ധോണി എടുക്കുന്ന ഏതൊരു തീരുമാനവും ടീമിന് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
Read more
“ധോണി ഈ ചെയ്യുന്ന ഓരോ കാര്യത്തിലും അദ്ദേഹം പ്രാധാന്യം കൊടുക്കുന്നത് ചെന്നൈക്ക് ആണ്. ഭാവിയിൽ അദ്ദേഹം എടുക്കുന്ന ഏതൊരു തീരുമാനവും ടീമിന് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, അദ്ദേഹത്തിന് വ്യക്തിപരമായി എന്ത് പ്രയോജനം ഉണ്ടാകുമെന്ന് ധോണി ചിന്തിക്കില്ല” അദ്ദേഹം ഉപസംഹരിച്ചു.







