IPL 2024: ഇത്തവണ കിരീടം അവര്‍ക്ക് തന്നെ; ഉറപ്പിച്ച് കിവീസ് താരം

ഐപിഎല്‍ 17ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലിലെത്തുമെന്ന് പ്രവചിച്ച് ന്യൂസിലന്‍ഡ് മുന്‍ താരം സ്‌കോട്ട് സ്റ്റൈറിസ്. സന്ദര്‍ഭത്തിനൊത്ത് കളിക്കാന്‍ കഴിയുന്ന താരങ്ങളാണ് ചെന്നൈയുടെ കരുത്തെന്നും കിരീടത്തോടെ എംഎസ് ധോണിയ്ക്ക് വിരമിക്കാനാകുമെന്നും സ്റ്റൈറിസ് പറഞ്ഞു.

സന്തുലിത ടീമാണ് ചെന്നൈയുടേത്. പുതിയതാരങ്ങളെല്ലാം സന്ദര്‍ഭത്തിനൊത്ത് കളിക്കാന്‍ കഴിയുന്നവര്‍. രണ്ടോ മൂന്നോ താരങ്ങളെ ആശ്രയിച്ചല്ല ചെന്നൈ കളിക്കുന്നത്. ഇതുതന്നെയാണ് ചെന്നൈയുടെ ഏറ്റവും വലിയ ശക്തി. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും ധോണിയുടെ സാന്നിധ്യം സിഎസ്‌കെയെ ഫേവറിറ്റുകളാക്കുന്നു. ധോണിക്ക് കിരീടത്തോടെ വിരമിക്കാനാവും- സ്റ്റൈറിസ് പറഞ്ഞു.

ഇതുവരെ അഞ്ച് തവണ കിരീടം ചൂടിയ ടീമാണ് സിഎസ്‌കെ. മെയ് 26ന് ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ഐപിഎല്‍ ഫൈനല്‍. ഐപിഎല്‍ ചരിത്രത്തില്‍ മൂന്നാം തവണയാണ് ചെന്നൈ ഫൈനലിന് വേദിയാവുന്നത്. 2011ല്‍ ചെന്നൈ കിരീടം നേടിയപ്പോള്‍ 2012ല്‍ കെകെആറായിരുന്നു ജേതാക്കള്‍.

ഈ സീസണില്‍ ആദ്യ മത്സരത്തില്‍ ആര്‍സിബിയോട് ജയിച്ച ചെന്നൈ രണ്ടാം മത്സരത്തില്‍ ഗുജറാത്തിനെ പരാജയപ്പെടുത്തിയിരുന്നു. ഞായറാഴ്ച ഡല്‍ഹിയ്‌ക്കെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.