IPL 2024: 10-12 മത്സരങ്ങളിൽ പരാജയപ്പെട്ടാലും അവൻ ടീമിൽ ഉണ്ടാകണം, അതുപോലെ ഒരു താരത്തെ ഇനി കിട്ടില്ല; യുവതാരത്തെക്കുറിച്ച് നവജ്യോത് സിംഗ് സിദ്ധു

2008-ൽ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ചതിന് ശേഷം ആദ്യമായി ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്ന യുവതാരങ്ങളുടെ കുതിപ്പ് ഈ സീസണിൽ കണ്ടു. മായങ്ക് യാദവ്, അഭിഷേക് ശർമ്മ, റിയാൻ പരാഗ്, അശുതോഷ് ശർമ്മ എന്നിവർ എല്ലാം സീസണിൽ മികച്ച പ്രകടനം നടത്തുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ മുന്നിലാണ്. ഇന്നലെ നടന്ന മത്സരത്തിൽ തകർപ്പൻ അർദ്ധ സെഞ്ച്വറി നേടിയ ആയുഷ് ബഡോണി ഇന്നലെ സമ്മർദ്ദ സാഹചര്യത്തിൽ കളിച്ചതും തകർപ്പൻ ഇന്നിംഗ്സ് ആയിരുന്നു. ലക്നൗ ബാറ്റിംഗ് നിരക്ക് ഒന്നും ചെയ്യാൻ സാധിക്കാതെ പോയ മത്സരത്തിൽ അവരെ മാന്യമായ സ്കോറിലെത്താൻ സഹായിച്ചത് യുവവതാരം കളിച്ച ഇന്നിംഗ്സ് കാരണം തന്നെയാണ്.

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിന് വേണ്ടി കളിച്ച അദ്ദേഹം 35 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 55 റൺസ് നേടി. അദ്ദേഹത്തിൻ്റെ ശ്രമം എൽഎസ്ജിയെ 167/7 വരെ എത്തിച്ചു. വിക്കറ്റുകൾ നഷ്ടമായ ആതിഥേയർ 120 റൺസിൽ പുറത്താകുമെന്ന ഭീഷണിയിലായിരുന്നെങ്കിലും ബഡോണി രക്ഷകനായി.

ഈ ഗെയിമിന് മുമ്പ് ഐപിഎൽ 2024 ലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലാത്ത യുവതാരം, ക്രീസിൽ മികച്ച രീതിയിൽ തുടരുകയും ബൗളർമാരെ അനായാസം കൈകാര്യം ചെയ്യുകയും ചെയ്തു, പ്രത്യേകിച്ച് അപകടകാരിയായ കുൽദീപ് യാദവ് ഉൾപ്പടെ ഉള്ള ബോളർമാരെ. മുൻ എൽഎസ്ജി മെൻ്റർ ഗൗതം ഗംഭീർ ആയുഷിനെ പിന്തുണച്ചിരുന്നു, നിലവിലെ ഹെഡ് കോച്ച് ജസ്റ്റിൻ ലാംഗറും അത് തന്നെ ചെയ്യുകയാണ് ഇപ്പോൾ. 24 കാരനായ ബാറ്റിംഗ് താരത്തിൻ്റെ പ്രകടനത്തെ മുൻ ഇന്ത്യൻ താരം നവജ്യോത് സിംഗ് സിദ്ധു അഭിനന്ദിച്ചു.

“എന്തൊരു മികച്ച കളിക്കാരനാണവൻ . അവൻ ഒരു ഫിനിഷറാണ്, സമ്മർദ്ദത്തിൻ കീഴിൽ പ്രകടനം നടത്തിയ ആയുഷ് ബഡോണിയെപ്പോലുള്ള കളിക്കാരെ നമുക്ക് പിന്തുണയ്‌ക്കേണ്ടതുണ്ട്. 10-12 മത്സരങ്ങളിൽ റൺസ് നേടുന്നതിൽ പരാജയപ്പെട്ടാലും അവനെ പിന്തുണയ്ക്കണം, കാരണം അവനെപ്പോലെയുള്ള ഒരു കളിക്കാരനെ കണ്ടെത്താൻ വർഷങ്ങളെടുക്കും. കുൽദീപ് യാദവിനെ വിവേകത്തോടെ കളിച്ച അദ്ദേഹം മറ്റ് ബൗളർമാർക്കെതിരെ ആക്രമിച്ചു. ഇത് അവൻ്റെ കളിയെക്കുറിച്ചുള്ള അവബോധം കാണിക്കുന്നു. കുൽദീപിനെ കളിക്കാനാകില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനാൽ അദ്ദേഹത്തിനെതിരെ റിസ്ക് എടുക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചു, ”നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു.

എന്നിരുന്നാലും, ഡൽഹി ക്യാപിറ്റൽസ് എൽഎസ്ജിയെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയതോടെ ആയുഷിൻ്റെ ഇന്നിംഗ്സ് പാഴായി. ജെയ്‌ക്ക് ഫ്രേസർ-മക്‌ഗർക്കും (55), ഡേവിഡ് വാർണറും (41) സന്ദർശകരെ ഉജ്ജ്വല വിജയത്തിലെത്തിച്ചു.