പുറത്ത് കൊടുമ്പിരി കൊണ്ട് രാഷ്ട്രീയ ചര്‍ച്ചകള്‍; അകത്ത് ആര്‍സിബിയുടെ കളി ആസ്വദിച്ച് സിദ്ധരാമയ്യ; ചിത്രങ്ങള്‍ വൈറല്‍

സത്യപ്രതിഞ്ജയും മന്ത്രിസഭാ രൂപീകരണവുമൊക്കെ സംബന്ധിച്ച് കര്‍ണാകട കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടിരിക്കെ ആര്‍സിബിയുടെ കളി ആസ്വദിച്ച് നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള നിര്‍ണായക മത്സരത്തിന്റെ അവസാന ഓവറുകളാണ് സിദ്ധരാമയ്യ കണ്ടത്. സിദ്ധരാമയ്യ ഈ മത്സരം കാണുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആര്‍സിബി എട്ടു വിക്കറ്റിനാണ് വിജയിച്ച് കയറിയത്. 187 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമായിരുന്നു ആര്‍സിബിക്കു മുന്നില്‍ ഹൈദരാബാദ് വെച്ചത്. പക്ഷെ ഓപ്പണിംഗ് വിക്കറ്റില്‍ വിരാട് കോഹ്ലി- ഫഫ് ഡുപ്ലെസി സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതോടെ ഹൈദരാബാദിന് ഉത്തരമുട്ടി. 172 റണ്‍സാണ് ഈ സഖ്യം സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.

94ല്‍ നില്‍ക്കെ സിക്‌സര്‍ പായിച്ചായിരുന്നു കോഹ്ലി സെഞ്ച്വറി തികച്ചത്. തൊട്ടടുത്ത ബോളില്‍ പുറത്താവുകയും ചെയ്തു. 63 ബോളില്‍ 12 ഫോറും നാലു സിക്‌സറുമടക്കം 100 റണ്‍സാണ് അദ്ദേഹം നേടിയത്. ഡുപ്ലസിസി 71 റണ്‍സും എടുത്തു.

ഈ സീസണില്‍ 400 റണ്‍സ് പിന്നിട്ടപ്പോഴും മധ്യ ഓവറിലെ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ വിരാട് കോഹ്ലി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനൊപ്പമുള്ള 172 റണ്‍സിന്റെ കൂട്ടുകെട്ടില്‍ ഒരിക്കലും പെഡലില്‍ നിന്ന് കാലെടുക്കാതെ കോഹ്ലി വിമര്‍ശകരുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചു. സ്പിന്നിനെതിരായ കോഹ്ലിയുടെ പ്രകടനം ആശങ്കയ്ക്ക് കാരണമായി കണ്ടെങ്കിലും ഹൈദരാബാദിലെ സ്പിന്നര്‍മാര്‍ക്കെതിരെ കോഹ്ലി കടുത്ത ആക്രമണമാണ് നടത്തിയത്.