19-ാം ഓവറിലെ രണ്ടാം ബോളില്‍ തന്നെ റോയല്‍സ് ആരാധകരുടെ വിജയമോഹങ്ങള്‍ അസ്തമിക്കുകയായിരുന്നു, പക്ഷേ മറുവശത്തു നിന്ന ആളുടെ കൈയത്തുംദൂരത്ത് വിജയമുണ്ടായിരുന്നു!

അവസാന ഓവറില്‍ വിജയിക്കുവാന്‍ 20 റണ്‍സ് വേണെമെന്നിരിക്കെ ഹര്‍ഷല്‍ പട്ടേലിന്റെ ആദ്യ പന്തിന്റെ ഗതിയും താളവും തിരിച്ചറിയുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു ബാറ്റ് വെച്ച ബാറ്റ്‌സ്മാന്റെ ബാറ്റില്‍ നിന്നും എഡ്ജ് ചെയ്ത പന്ത് കീപ്പര്‍ക്ക് പിടി നല്‍കാതെ ബൗണ്ടറി കടക്കുമ്പോള്‍ എതിര്‍ നിരയിലെ ക്യാപ്റ്റന്റെ മുഖത്ത് പോലും ചിരി പടര്‍ത്തിയ ഒരു ബാറ്‌സ്മാന്‍ സെക്കന്റ് ബോള്‍ നേരിടുവാന്‍ തയ്യാറെടുക്കുകയാണ്..

എഡ്ജ് ചെയ്താണെങ്കിലും തന്റെ അക്കൗണ്ടില്‍ വന്ന നാല് റണ്‍സ് അയാളുടെ ആത്മവിശ്വാസം ഉയര്‍ത്തിയോ അറിയില്ല ! ലോകത്തെ ഏറ്റവും മികച്ച ട്വന്റി ബോളറുടെ യോര്‍ക്കര്‍ ലെംഗ്ത്തില്‍ വന്ന രണ്ട് മികച്ച പന്തുകളെ കൈക്കുഴയുടെ കരുത്ത് കൊണ്ടും ടൈമിംഗ് കൊണ്ടും ബൗണ്ടറി കടത്തിയ ക്ലീന്‍ ഹിറ്റര്‍ ആയ ഒരു ബാറ്റ്സ്മാന്‍ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ നിൽക്കുമ്പോള്‍..

പട്ടേലിന്റെ രണ്ടാമത്തെ പന്തില്‍ അതീവ റിസ്‌ക്കെടുത്തു സ്‌ട്രൈക് കീപ് ചെയ്യാന്‍ ആയിരുന്നു അയാള്‍ക്ക് താത്പര്യം. അയാളുടെ അമിത ആത്മവിശ്വാസത്തിന്റെ പരിണിത ഫലമായി രാജസ്ഥന്റെ വിജയമോഹങ്ങള്‍ അസ്തമിക്കുകയാണ്.

അശ്വിന്‍ ഭായ്. 19.2-ാം ഓവറിലെ ആ റിസ്‌കി ഡബിള്‍, അതു ഒഴിവാക്കാമായിരുന്നു. ഓപ്പോസിറ്റ് എന്‍ഡിലെ ബാറ്റ്‌സ്മാനു നിങ്ങളുടെ അത്രയും മത്സരപരിചയം ഇല്ലായിരിക്കും. നിങ്ങളെ പോലെ ഗെയിം റീഡ് ചെയ്യാനുള്ള കഴിവും കുറവായിരിക്കും. എന്നാലും ക്രിക്കറ്റില്‍ കറന്റ് ഫോം എന്നത് ഉണ്ടല്ലോ ഭായ്. 5 ബോളില്‍ 16 എന്നത് ധ്രുവ് ജൂരേല്‍ എന്ന ബാറ്റര്‍ക്കു ഇന്ന് അയാളുടെ കൈയെത്തും ദൂരത്തു ആയിരുന്നു..

എഴുത്ത്: സനല്‍ കുമാര്‍ പത്മനാഭന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍