ഐ.പി.എല്‍ 2023: ആര്‍.സി.ബിയ്ക്ക് വമ്പന്‍ തിരിച്ചടി

ഐപിഎല്‍ 16ാം സീസണ്‍ അടുത്ത മാസം അവസാനം ആരംഭിക്കാനിരിക്കെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആശങ്ക സമ്മാനിച്ച് സൂപ്പര്‍ താരത്തിന്റെ പരിക്ക്. പരിക്കിനെ തുടര്‍ന്ന് ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡിന് ആര്‍സിബിക്കൊപ്പം ആദ്യത്തെ കുറച്ച് മത്സരങ്ങള്‍ നഷ്ടമാകും. ഏപ്രില്‍ 2 ന് മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരം കളിക്കാന്‍ ഹേസല്‍വുഡിനെ ടീമിന് ലഭ്യമായേക്കില്ല.

ഇന്ത്യയ്‌ക്കെതിരായ അവശേഷിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍നിന്നും മാര്‍ച്ച് 17 ന് ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയില്‍നിന്നും ഹേസല്‍വുഡിനെ ഓസീസ് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ മാത്രമാണ് വലംകൈയ്യന്‍ പേസര്‍ ആദ്യം പുറത്തായത്. എന്നാല്‍ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരിച്ചയക്കാന്‍ ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു.

അതേസമയം, ആര്‍സിബിക്ക് സന്തോഷം പകര്‍ന്ന് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലേക്ക് മാക്‌സ്വെല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ മൂന്ന് മത്സരങ്ങളില്‍ ഓള്‍റൗണ്ടര്‍ തന്റെ ഫിറ്റ്‌നസ് തെളിയിച്ചാല്‍, ആര്‍സിബിയ്‌ക്കൊപ്പം താരം സീസണ്‍ മുഴുവന്‍ ഉണ്ടാകുമെന്ന് ഉറപ്പിക്കാം.

ഐപിഎല്‍ പുതിയ പതിപ്പിന് മാര്‍ച്ച് 31ന് അഹമ്മദാബാദില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.