ആര്‍.സി.ബിയെ തളയ്ക്കണമെങ്കില്‍ അവനെ ടീമിലേക്ക് തിരിച്ചെത്തിക്കണം; റോയല്‍സിന് ഉപദേശവുമായി ചോപ്ര

2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ (ആര്‍സിബി) നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദം സാമ്പയെ കളിപ്പിക്കുന്നത് പരിഗണിക്കണമെന്ന് ആകാശ് ചോപ്ര. മെയ് 14 ഞായറാഴ്ച്ച ജയ്പൂരിലെ സവായ് മാന്‍സിംഗ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ഇരുടീമുകള്‍ക്കും ജയം അനിവാര്യമാണ്.

ജയ്പൂരില്‍ ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്യുമെന്ന് ചോപ്ര കരുതുന്നു. സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള ടീമില്‍ യുസ്വേന്ദ്ര ചാഹലും രവിചന്ദ്രന്‍ അശ്വിനും സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഉണ്ടെന്നും സ്പിന്‍ സൗഹൃദ ജയ്പൂര്‍ പിച്ചില്‍ റോയല്‍സ് സാമ്പയെ അധിക സ്പിന്നറായി നിയമിച്ചേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ നിലവിലെ ഫോം പരാമര്‍ശിച്ച് രാജസ്ഥാന്‍ കൂടുതല്‍ സന്തുലിതമാണെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. ‘ബാറ്റിംഗില്‍, യശസ്വി ജയ്സ്വാള്‍ നന്നായി കളിക്കുന്നു ജോസ് ബട്ട്ലറും. സഞ്ജു സാംസണും ഫോമിലേക്ക് മടങ്ങിയെത്തി. ബോളിംഗിലും ആശങ്കയില്ല. രാജസ്ഥാന്‍ കുറച്ചുകൂടി സന്തുലിതമാണ്- ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍ (575), ജോസ് ബട്ട്ലര്‍ (392), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (356) എന്നിവരാണ് ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാനെ ഏറ്റവും മികച്ച മൂന്ന് റണ്‍സ് സ്‌കോറര്‍മാര്‍. ഐപിഎല്‍ 2023 പര്‍പ്പിള്‍ ക്യാപ്പ് വീണ്ടും നേടാനുള്ള ഓട്ടത്തിലുള്ള യുസ്വേന്ദ്ര ചാഹലും യഥാക്രമം 21, 14 വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വുമാണ് അവരുടെ മികച്ച ബൗളര്‍മാര്‍. അതേസമയം, ആദം സാമ്പ നാല് കളികളില്‍ നിന്ന് അഞ്ച് വിക്കറ്റ് വീഴ്ത്തി.