അവന്‍ നല്ല ഫോമില്‍ ആയിരുന്നില്ല, എന്നാല്‍ നെറ്റ്‌സില്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്; പരാഗിനെ സംരക്ഷിച്ച് സംഗക്കാര

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വഴങ്ങിയ തോല്‍വിയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആരാധകര്‍ അസ്വസ്ഥരാണ്. 155 റണ്‍സെന്ന എളുപ്പത്തില്‍ എത്താവുന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ 10 റണ്‍സ് അകലെ പേരാട്ടം അവസാനിപ്പിച്ചു. തോല്‍വിയോട് റോയല്‍സിലെ ചില താരങ്ങളുടെ മെല്ലെപ്പോക്കില്‍ വിമര്‍ശനം ശക്തമാണ്.

യുവതാരം റിയാന്‍ പരാഗിന്റെ മെല്ലെ പോക്കാണ് ഏറെ വിമര്‍ശിക്കപ്പെടുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി യുവതാരത്തെ സംരക്ഷിച്ചിരിക്കുകയാണ് പരിശീലകന്‍ കുമാര്‍ സംഗക്കാര. ‘അവന്‍ നെറ്റ്സില്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍, അവന്‍ നല്ല ഫോമില്‍ ആയിരുന്നില്ല. ഞങ്ങള്‍ അത് വിലയിരുത്തുകയും അവന്റെ പരിശീലനത്തില്‍ അക്കാര്യം അവനോട് സംസാരിക്കുകയും ചെയ്യും’- മത്സരശേഷം സംഗക്കാര പറഞ്ഞു.

മത്സരത്തില്‍ പരാഗ് ഒരു ഫോറും ഒരു സിക്സും അടിച്ച് 12 പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു. പക്ഷേ റോയല്‍സിന് ഫിനിഷിംഗ് ലൈന്‍ മറികടക്കാന്‍ അത് പര്യാപ്തമായില്ല.

ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി പരാഗിന്റെ മെല്ലപ്പോക്കിനെ വിമര്‍ശിച്ച് രംഗത്തുവന്നു. പരാഗിന്റെ മന്ദഗതിയിലുള്ള തുടക്കമാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്നും പരാഗിന്റെ തട്ടല്‍ കാരണം ദേവദത്ത് പടിക്കലിനും തന്റെ താളം നഷ്ടമായെന്നും ശാസ്ത്രി വിലയിരുത്തി. റോയല്‍സിന് ആവശ്യമായ റണ്‍ റേറ്റ് 10 കടന്നപ്പോള്‍ പരാഗ് തന്റെ ആദ്യ എട്ട് പന്തില്‍ നാല് റണ്‍സ് മാത്രമാണ് നേടിയിരുന്നത്.