ധോണിയ്ക്ക് ശേഷം ആര്?; ചെന്നൈയുടെ ഭാവി നായകന്‍ ആരെന്ന് പറഞ്ഞ് റെയ്‌ന

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഭാവി ക്യാപ്റ്റനെക്കുറിച്ച് സര്‍പ്രൈസ് പ്രവചനം നടത്തിയിരി മുന്‍ സൂപ്പര്‍ താരം സുരേഷ് റെയ്ന. നാല് താരങ്ങളെയാണ് എംഎസ് ധോണിയുടെ പിന്‍ഗാമിയായി നായകസ്ഥാനത്തേക്കു സുരേഷ് റെയ്ന ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

‘സിഎസ്‌കെയുടെ പുതിയ നായകനാവാന്‍ അമ്പാട്ടി റായുഡു ടീമിലുണ്ട്. റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ എന്നിവരും ടീമിന്റെ ഭാഗമാണ്. കൂടാതെ രവീന്ദ്ര ജഡേജയെയും ഈ റോളിലേക്കു പരിഗണിക്കാം. ക്രിക്കറ്റില്‍ നല്ല അവബോധമുള്ള താരമാണ് ജഡേജ. അടുത്തിടെ വളരെ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്.’

‘കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ടീമിനെ നയിക്കുകയും കിരീടം നേടിക്കൊടുക്കുകയും ചെയ്തതിന്റെ അനുഭവസമ്പത്തുള്ള താരമാണ് ബ്രാവോ. ജഡേജയ്ക്ക് നായകനായി അനുഭവസമ്പത്ത് കുറവാണെങ്കിലും പ്രായവും കരിയറിലെ ഏറ്റവും മികച്ച ഫോമും മല്‍സരപരിചയവുമെല്ലാം അനുകൂലഘടകമാണ്’ റെയ്‌ന നിരീക്ഷിച്ചു.

പുതിയ സീസണില്‍ ഒരു ടീമും റെയ്നയെ ടീമിലെടുത്തില്ലെങ്കിലും താരം ഇക്കുറിയും ടീമിന്‍റെ ഭാഗമാണ്. സ്റ്റാര്‍ സ്പോര്‍ട്സിന്റെ ഹിന്ദി കമന്ററി ടീമിന്റെ ഭാഗമായിട്ടാണ് ഐപിഎല്ലില്‍ റെയ്നയെ കാണാനാകുക. ഇന്ത്യന്‍ പരിശീലക സ്ഥാനത്തു നിന്നും പഴയ തട്ടകത്തിലേക്ക് ഏഴു വര്‍ഷത്തിന് ശേഷം തിരിച്ചുവന്ന രവിശാസ്ത്രിയ്ക്കൊപ്പമാണ് റെയ്ന കളി പറയാന്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം ഇര്‍ഫാന്‍ പത്താന്‍, പാര്‍ഥിപ് പട്ടേല്‍ തുടങ്ങിയവരുമുണ്ട്.