നാട്ടിലെത്താന്‍ ഐ.പി.എല്‍ ഉപേക്ഷിച്ച് ഓസീസ് താരങ്ങള്‍; 'പണി' തറവാട്ടില്‍ നിന്ന് തന്നെ കിട്ടി

കോവിഡ് രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ഐ.പി.എല്ലില്‍ നിന്ന് പിന്മാറിയ ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്പിന്നര്‍ ആദം സാംപയ്ക്കും പേസ് ബോളര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സനും നാട്ടിലേക്ക് മടങ്ങാനായില്ല. ഇന്ത്യയില്‍നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഓസട്രേലിയ വിലക്കേര്‍പ്പെടുത്തിയതോടെയാണ് ഇരുവരും നാട്ടിലേക്ക് മടങ്ങാനാകാതെ മുംബൈയില്‍ കുടുങ്ങിയിരിക്കുന്നത്.

ഇന്ത്യയില്‍നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. മെയ് 15 വരെയാണ് വിലക്ക്. എന്നാല്‍ ഈ കാലയളവിനുള്ളില്‍ ഇന്ത്യയിലെ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ വിമാന വിലക്ക് നീട്ടാനുള്ള സാധ്യതയുമുണ്ട്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരങ്ങളായിരുന്ന ഇരുവരും ഞായറാഴ്ച തന്നെ ടീമിന്റെ ബയോ സെക്യുര്‍ ബബ്ള്‍ വിട്ടിരുന്നു. തുടര്‍ന്ന് നാട്ടിലേക്കു മടങ്ങാനായി മുംബൈ വിമാനത്താവളത്തിന് സമീപം ഹോട്ടലില്‍ താമസിക്കുകയായിരുന്നു. അതിനിടെയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

Read more

അതേസമയം, ഇന്ത്യയിലുള്ള താരങ്ങളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യില്ലെന്നും ഓസീസ് പ്രധാനമന്ത്രി മോറിസണ്‍ വ്യക്തമാക്കി. ഇത് ഓസ്‌ട്രേലിയന്‍ ടീമിന്റെ ഔദ്യോഗിക പര്യടനത്തിന്റെ ഭാഗമല്ലെന്നും നാട്ടിലേക്കു മടങ്ങാന്‍ താരങ്ങള്‍ സ്വന്തം നിലയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.