അണ്ടര്‍ 19 ലോക കപ്പ്: ഇന്ത്യയ്ക്ക് അഞ്ചാം കിരീടം

അണ്ടര്‍ 19 ലോക കപ്പ് കിരീടം ചൂണ്ടി ഇന്ത്യ. കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം 14 പന്തുകള്‍ ബാക്കിനില്‍ക്കെ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.

84 പന്തില്‍ 50 റണ്‍സെടുത്ത ഷെയ്ക്ക് റഷീദും 54 പന്തില്‍ പുറത്താകാതെ 50 റണ്‍സ് നേടിയ നിഷാന്ത് സിന്ധുവും ചേര്‍ന്നാണ് ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചത്. ഇന്ത്യക്കായി അഞ്ചു വിക്കറ്റെടുത്ത് രാജ് ബവ, ബാറ്റിംഗിലും മികവ് കാട്ടി. രാജ് ബവ 54 പന്തില്‍ 35 റണ്‍സ് എടുത്തു.

Image

നേരത്തേ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 44.5 ഓവറില്‍ 189 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. മദ്ധ്യനിരയിലെ ജെയിംസ് റോയുടെ ശതകവും വാലറ്റത്ത് ജെയിംസ് സേല്‍സ് നടത്തിയ രക്ഷാ പ്രവര്‍ത്തനവും അണ്ടര്‍ 19 ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ ഇംഗ്ളണ്ടിനെ തുണച്ചു. എട്ടാം വിക്കറ്റില്‍ ഇരുവരും കാണിച്ച കൂട്ടുകെട്ട് പൊരുതാമെന്ന സ്‌കോറിലേക്ക് ഇംഗ്ളണ്ടിനെ എത്തിച്ചു. ഇരുവരും ചേര്‍ന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

116 പന്തില്‍ 95 റണ്‍സ് എടുത്ത റോ 12 ബൗണ്ടറികളും നേടി. വാലറ്റത്ത് ജെയിംസ് സെയില്‍സ് പുറത്താകാതെ 34 റണ്‍സ് നേടി. ഇന്ത്യയ്ക്കായി രാജ് ബാവ അഞ്ചു വിക്കറ്റും രവികുമാര്‍ നാലു വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ അഞ്ചാം കിരീടം നേട്ടമാണിത്. 200, 2008, 2012, 2018 വര്‍ഷങ്ങളിലും ഇന്ത്യയ്ക്കായിരുന്നു കിരീടം.