ഇന്ത്യ പരമ്പര നേടും, 4-0 ന് ജയിക്കുമോ അതോ 5-0ന് ജയിക്കുമോ എന്നതാണ് വിഷയം: സൗരവ് ഗാംഗുലി

ഇംഗ്ലണ്ടിനെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ പരമ്പര നേടുമെന്ന് വിശ്വാസം പ്രകടിപ്പിച്ചു മുന്‍ ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. പരമ്പര ഇന്ത്യ നേടുമെന്ന് ആത്മവിശ്വാസത്തോടെ പ്രവചിച്ച ഗാംഗുലി 4-0 ന് ജയിക്കുമോ അതോ 5-0ന് ജയിക്കുമോ എന്നതാണ് വിഷയമെന്നും പറഞ്ഞു.

ഇന്ത്യന്‍ മണ്ണില്‍ ബാറ്റിംഗിന്റെ പ്രാധാന്യം എടുത്തുകാണിച്ച ഗാംഗുലി, ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ കൂടുതല്‍ സ്‌കോര്‍ നേടിയാല്‍ പരമ്പരയുടെ ചലനാത്മകത മാറ്റാമായിരുന്നു എന്നു വിലയിരുത്തി. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഒല്ലി പോപ്പ് 278 പന്തില്‍ 196 റണ്‍സ് നേടി കളിയില്‍ ഇംഗ്ലണ്ടിന് ജീവന്‍ നല്‍കി. ഇന്ത്യന്‍ ടീമിന് 230 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സ് 420ന് അവസാനിപ്പിച്ചു.

‘ഇന്ത്യ പരമ്പര നേടും, അവര്‍ അത് 4-0 അല്ലെങ്കില്‍ 5-0 വിജയിക്കുമോ എന്നതാണ് വിഷയം. ഓരോ ടെസ്റ്റും നിര്‍ണായകമാകും. നന്നായി ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഇംഗ്ലണ്ടിന് ഈ ടെസ്റ്റ് മത്സരം ജയിക്കാമായിരുന്നു. 230 അല്ലെങ്കില്‍ 240 റണ്‍സ് നേടിയാല്‍ ഇന്ത്യയ്ക്കെതിരെ ഒരാള്‍ക്ക് ജയിക്കാനാവില്ല.

അവര്‍ 350 അല്ലെങ്കില്‍ 400 ഉണ്ടാക്കിയിരുന്നെങ്കില്‍, അവര്‍ക്ക് ഇന്ത്യയെ തോല്‍പ്പിക്കാമായിരുന്നു. പക്ഷേ അവര്‍ക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ല. ഇംഗ്ലണ്ടിന് ഇത് കഠിനമായ പരമ്പരയാണ്. ഈ കാലഘട്ടത്തില്‍ ഓസ്ട്രേലിയയ്ക്കല്ലാതെ മറ്റൊരു ടീമിനും ഇവിടെ ഒരു സ്വാധീനവും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല- ഗാംഗുലി പറഞ്ഞു.

ബാസ്‌ബോള്‍ തന്ത്രം ഇന്ത്യയില്‍ ഫലപ്രദമാകില്ലെന്ന് പ്രസ്താവിച്ച ഗാംഗുലി ഇംഗ്ലണ്ടിന്റെ സമീപനത്തെക്കുറിച്ചുള്ള തന്റെ ഉള്‍ക്കാഴ്ചകളും പങ്കിട്ടു.ഉപഭൂഖണ്ഡത്തിലെ സ്പിന്നിംഗ് വിക്കറ്റുകള്‍ ബാസ്‌ബോളുമായി നന്നായി യോജിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.