മോദിയ്ക്ക് തോല്‍ക്കുമെന്ന് ഭയം; ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു; ഭരണഘടന മാറ്റാന്‍ ബിജെപി ലക്ഷ്യമിടുന്നു: രേവന്ത് റെഡ്ഡി

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് തോല്‍ക്കുമെന്ന് ഭയമുണ്ടെന്നും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും സംഘര്‍ഷവും സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 2025ഓടെ ബിജെപി ഇന്ത്യന്‍ ഭരണഘടന മാറ്റാന്‍ ലക്ഷ്യമിടുകയാണെന്നും രേവന്ത് പറഞ്ഞു. രാജ്യത്ത് ആര്‍എസ്എസ് ആശയങ്ങള്‍ ബിജെപി ഇതിനോടകം തന്നെ നടപ്പിലാക്കി കഴിഞ്ഞെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിയും ഉന്നത നേതാക്കളും ചേര്‍ന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുകയാണെന്നും തെലങ്കാന മുഖ്യമന്ത്രി ആരോപിച്ചു. 2025ഓടെ ഭരണഘടന മാറ്റം വരുത്താനാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി ബിജെപിയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. അതിനാണ് 400 സീറ്റെന്ന മുദ്രാവാക്യം മുന്നോട്ട് വയ്ക്കുന്നതെന്നും റെഡ്ഡി പറഞ്ഞു.

ഇന്ത്യയിലെ സംവരണം അവസാനിപ്പിക്കുകയെന്ന ആര്‍എസ്എസ് ആശയത്തിനായാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ഹിന്ദുരാഷ്ട്രമായി മാറ്റാനുള്ള ഗൂഢാലോചനയാണ് ആര്‍എസ്എസ് നടത്തുന്നത്. ഇന്ത്യ മുന്നണി രാജ്യത്ത് അധികാരത്തില്‍ വന്നാല്‍ ജാതി സെന്‍സസ് നടത്തി സംവരണം ഉറപ്പാക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി വ്യക്തമാക്കി.