കറിമസാലകളില്‍ മായം; എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം; സിംഗപ്പൂരും ഹോങ് കോങും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചു; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്

ഹോങ് കോങും സിംഗപ്പൂരും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചു വിളിച്ചതിന് പിന്നാലെ നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്. എംഡിഎച്ച്, എവറസ്റ്റ് ഫുഡ് പ്രോഡക്ട് കറിമസാലകളില്‍ എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചു വിളിച്ചത്.

ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിക്ക് മേല്‍നോട്ടം വഹിക്കുന്ന റെഗുലേറ്ററി അതോറിറ്റി എന്ന നിലയില്‍ സ്‌പൈസസ് ബോര്‍ഡ് സ്ഥിതിഗതികളുടെ ഗൗരവം മനസിലാക്കി ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും മുന്‍നിര്‍ത്തി ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കര്‍ശനമായ പ്രോട്ടോക്കോളുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിര്‍ബന്ധിത ഇ.ടി.ഒ പരിശോധനയും ബോര്‍ഡ് നടത്തിവരുന്നുണ്ട്.

മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, സ്‌പൈസസ് ബോര്‍ഡ് ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് സാങ്കേതിക വിവരങ്ങള്‍, വിശകലന റിപ്പോര്‍ട്ടുകള്‍, കയറ്റുമതിക്കാരുടെ വിവരങ്ങള്‍ എന്നിവ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ വിവരങ്ങളും ഔദ്യോഗിക അറിയിപ്പുകളും ലഭിക്കുന്നതിന് ബോര്‍ഡ് സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും ഇന്ത്യന്‍ എംബസ്സികളുമായി ബന്ധപ്പെട്ടിട്ടുണ്ട്.

പ്രശ്‌നത്തിന്റെ മൂലകാരണം കണ്ടെത്തുന്നതിനും നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി കയറ്റുമതിക്കാരുമായും ബോര്‍ഡ് ബന്ധപ്പെട്ടിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കയറ്റുമതി സ്ഥാപനങ്ങളിലും സമഗ്രമായ പരിശോധനകള്‍ നടക്കുന്നുണ്ട്.

കൂടാതെ എഥിലീന്‍ ഓക്സൈഡിന്റെ ദോഷങ്ങളെ കുറിച്ച് കയറ്റുമതിക്കാരില്‍ അവബോധം വളര്‍ത്തുന്നതിനും സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി സ്പൈസസ് ബോര്‍ഡ് സര്‍ക്കുലര്‍ ഉടന്‍ പുറത്തുവിടും. ഭക്ഷ്യ സുരക്ഷയില്‍ ആഗോള മാനദണ്ഡങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, ബോര്‍ഡ് കയറ്റുമതിക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഇ.ടി.ഒ യുടെ അന്താരാഷ്ട്ര നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.

കൂടാതെ സിംഗപ്പൂരിലേക്കും ഹോങ്കോങ്ങിലേക്കും പോകുന്ന സുഗന്ധവ്യഞ്ജന ചരക്കുകളില്‍ നിര്‍ബന്ധിത ഇ.ടി.ഒ പരിശോധന ആരംഭിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞു. മറ്റ് രാജ്യങ്ങളിലേക്കുള്ള സുഗന്ധവ്യഞ്ജനങ്ങളിലും ഇ.ടി.ഒ. യുടെ സാന്നിദ്ധ്യം കര്‍ശനമായി നിരീക്ഷിക്കും. ഈ പരിശോധനകള്‍ നടത്തുന്നതിന് സ്‌പൈസസ് ബോര്‍ഡിന്റെ എന്‍.എ.ബി.എല്‍ അംഗീകൃത ലബോറട്ടറികള്‍ സജ്ജമാണെന്ന് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.