ഐപിഎല്‍ 2024: ലഖ്‌നൗവിനെതിരായ സഞ്ജുവിന്റെ പ്രകടനം, വാക്ക് മാറ്റി കൈഫ്

ടി20 ലോകകപ്പിനു വേണ്ടി താന്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീമില്‍നിന്നും മലയാളി വിക്കറ്റ് കീപ്പറും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണിനെ തഴഞ്ഞതില്‍ ക്ഷമ ചോദിച്ച് മുന്‍ താരം മുഹമ്മദ് കൈഫ്. സഞ്ജുവിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തത് തനിക്ക് പറ്റിയ വലിയ അബന്ധമെന്ന് സമ്മതിച്ച കൈഫ്്
ടി20 ലോകകപ്പില്‍ തന്റെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍ ഇപ്പോള്‍ സഞ്ജുവാണെന്നു കൈഫ് പറഞ്ഞു.

എനിക്കു തെറ്റുപറ്റി. ടി20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ നിന്നും സഞ്ജു സാംസണിനെപ്പോലെയൊരു താരത്തെ എങ്ങനെയാണ് എനിക്കു ഒഴിവാക്കാന്‍ സാധിക്കുക. അതു എന്റെ വലിയ പിഴവ് തന്നെയായിരുന്നു, അതു പാടില്ലായിരുന്നു. ടി20 ലോകകപ്പില്‍ എന്റെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍ ഇപ്പോള്‍ സഞ്ജുവാണ്- കൈഫ് പറഞ്ഞു.

കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായുള്ള കളിയില്‍ സഞ്ജു അപരാജിത ഫിഫ്റ്റിയോടെ റോയല്‍സിനെ വിജയത്തിലെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൈഫ് മാറി ചിന്തിച്ചത്. മത്സരത്തില്‍ സഞ്ജു 33 ബോളുകളില്‍ നിന്നും ഏഴു ഫോറുകളും നാലു സിക്സറുകളും സഹിതം 71 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇതോടെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവിനെ തേടിയെത്തി.

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് സഞ്ജു. 9 മത്സരങ്ങളില്‍ നിന്ന് 77.00 ശരാശരിയിലും 161.08 സ്‌ട്രൈക്ക് റേറ്റിലും 385 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. നാല് അര്‍ദ്ധ സെഞ്ചുറികളും 36 ഫോറുകളും 17 സിക്‌സറുകളും സഞ്ജു നേടിയിട്ടുണ്ട്.