രാജ്‌കോട്ട് ദക്ഷിണാഫ്രിക്കയുടെ പൊന്നാപുരം കോട്ട, ധോണിയ്ക്ക് പോലും സാധിക്കാത്തത് പന്തിന് കഴിയുമോ!

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് രാജ്‌കോട്ടില്‍ നടക്കും. പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1ന് മുന്‍പിലാണ്. കഴിഞ്ഞ മത്സരത്തില്‍ 48 റണ്‍സിന്റെ ജയത്തോടെ ഇന്ത്യ ശക്തമായി തിരിച്ചുവന്നിരുന്നു. ഈ പ്രകടനം ഇന്നും ആവര്‍ത്തിക്കാനാവുന്ന പ്രതീക്ഷയിലാണ് പന്തും കൂട്ടരും. തോറ്റാല്‍ പരമ്പരയും കൈവിടും.

മത്സരം നടക്കുന്ന രാജ്‌കോട്ട് ദക്ഷിണാഫ്രിക്കയുടെ ഭാഗ്യ ഗ്രൗണ്ടാണ്. ഇവിടെ ഇതിനു മുമ്പ് രണ്ട് തവണ ഇരുടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ദക്ഷിണാഫ്രിക്കക്കായിരുന്നു വിജയം. 1996ലെ ടൈറ്റന്‍ കപ്പിലായിരുന്നു ഇരുടീമും ആദ്യമായി രാജ്കോട്ടില്‍ വെച്ചു കൊമ്പുകോര്‍ത്തത്. അന്ന് ദക്ഷിണാഫ്രിക്ക അനായാസം ജയംപിടിച്ചു.

2015ലെ ഏകദിന പരമ്പരയിലാണ് രണ്ടാമതായി ഇരുവരും ഇവിടെ നേര്‍ക്കുനേര്‍ വന്നത്. അന്ന് ക്വിന്റണ്‍ ഡികോക്കിന്റെ സെഞ്ച്വറി മികവില്‍ സന്ദര്‍ശകര്‍ 18 റണ്‍സിന് വിജയിച്ചു. അന്ന് വിരാട് കോഹ്‌ലിയും (77) രോഹിത് ശര്‍മയുമായിരുന്നു (65) ഇന്ത്യയുടെ പ്രധാന സ്‌കോറര്‍മാര്‍.

അതുകൊണ്ടു തന്നെ രാജ്കോട്ടില്‍ ഹാട്രിക് തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കാനും പരമ്പര കൈവിടാതിരിക്കാനുമാകും ഇന്ത്യ ഇന്നിറങ്ങുക. മുന്‍ നായകന്‍ എംഎസ് ധോണിയ്ക്ക് പോലും നേടിയെടുക്കാനാകാതെ പോയ ജയം ഇവിടെ പന്ത് പിടിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മൂന്നാം മത്സരത്തില്‍ ബോളര്‍മാര്‍ ഫോമിലേക്ക് മടങ്ങിവന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ഷെഹല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ പ്രകടനം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു. പേസര്‍ ആവശ് ഖാന്‍ വിക്കറ്റുകള്‍ വീഴ്ത്താത്തത് ടീം മാനേജ്മെന്റ് ഗൗരവമായെടുത്താല്‍ പകരം ഉമ്രാന്‍ മാലിക്കിനോ അര്‍ഷ്ദീപ് സിംഗിനോ അവസരം ലഭിക്കും.

Read more

ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ മോശം ഫോമും മധ്യനിര താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതുമാണ് ഇന്ത്യയെ വലയ്ക്കുന്ന കാര്യം. മത്സരത്തില്‍ ടോസ് നിര്‍ണ്ണായകമാകും. പരമ്പരയില്‍ പന്തിന് ഇതുവരെ ടോസ് ഭാഗ്യം തുണച്ചിട്ടില്ല.ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്വിന്റന്‍ ഡിക്കോക്ക് മടങ്ങിയെത്തിയേക്കും.