രോഹിത്ത് പുറത്ത്, ഇന്ത്യ പ്രതിരോധത്തില്‍

Rohit Sharma of India reacts after his dismissal during day 1 of the second test match between India and South Africa held at the Maharashtra Cricket Association Stadium in Pune, India on the 10th October 2019 Photo by Deepak Malik / SPORTZPICS for BCCI

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ ഹീറോ രോഹിത്ത് ശര്‍മ്മയാണ് പുറത്തായത്. 35 പന്തില്‍ ഒരു ഫോറടക്കം 14 റണ്‍സ് മാത്രമെടുത്താണ് രോഹിത്ത് പുറത്തായത്. റബാഡയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് പിടിച്ചാണ് രോഹിത്ത് പുറത്തായത്.

ഇതോടെ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എന്ന നിലയിലാണ്. 13 റണ്‍സുമായി ഓപ്പണര്‍ മായങ്ക് അഗര്‍വാളും റണ്‍സൊന്നുമെടുക്കാതെ ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.

രണ്ട് ടീമുകളിലും ഓരോ മാറ്റം വീതമാണുള്ളത്. ടീം ഇന്ത്യ ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവിനെ ടീമിലെത്തിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക ഡാനെ പിഡെറ്റിന് പകരം ആന്റിച്ച് നോര്‍ജെയെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

മത്സരത്തില്‍ ജയിച്ചാല്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കാം എന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റില്‍ 203 റണ്‍സിന്റെ മിന്നും വിജയമാണ് ടീം ഇന്ത്യ സംഘവും പിടിച്ചെടുത്തത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് കാട്ടിയ ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ ദക്ഷിണാഫ്രിക്കയുടെ സ്വപ്നങ്ങളെ കശക്കിയെറിയുകയായിരുന്നു.

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ എന്ന നിലയിലുള്ള കോഹ്ലിയുടെ 50-ാമത്തെ മത്സരം എന്ന പ്രത്യേകതയും രണ്ടാം ടെസ്റ്റിനുണ്ട്. ഇതുവരെ 49 മത്സരങ്ങളില്‍ നിന്ന് 29 വിജയങ്ങള്‍ സ്വന്തമാക്കാന്‍ കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ടാം ടെസ്റ്റില്‍ വിജയം ആവര്‍ത്തിച്ചാല്‍ നാട്ടില്‍ തുടര്‍ച്ചയായ 11-ാം പരമ്പര വിജയവും ഇന്ത്യക്ക് ആഘോഷിക്കാം.