'ഇന്ത്യ അധികം ഉപയോഗിക്കാത്ത താരം, നായകനാകാന്‍ വരെ കെല്‍പ്പുള്ളവന്‍'; യുവതാരത്തെ ചൂണ്ടി അമ്പാട്ടി റായിഡു

ഇന്ത്യന്‍ ടീം ഉപയോഗിക്കാത്ത അധികം ഒരു കളിക്കാരന്റെ പേരെടുത്തു പറഞ്ഞ് ഇന്ത്യന്‍ മുന്‍ താരം അമ്പാട്ടി റായിഡു. ഗുവാഹത്തിയില്‍ നടന്ന അവസാന ടി20 മത്സരത്തില്‍ ഇന്ത്യയ്ക്കായി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ഋതുരാജ് ഗെയ്‌വാദാണ് റായിഡു ചൂണ്ടിക്കാട്ടിയ ആ താരം. ദേശീയ ടീമിനെനയിക്കാനുള്ള കഴിവും ഗെയ്ക്വാദിനുണ്ടെന്ന് റായിഡു തറപ്പിച്ചു പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ക്രിക്കറ്റ് അധിക കാലം പരിഗണിക്കാതെ ഇപ്പോള്‍ പരിഗണിച്ചു തുടങ്ങിയ താരം ഋതുരാജ് ആണ്. അദ്ദേഹത്തിന് അസാമാന്യമായ കഴിവുണ്ട്, കൂടുതല്‍ ഉപയോഗിക്കേണ്ട ഒരാളാണ് അദ്ദേഹമെന്ന് ഞാന്‍ കരുതുന്നു.

അവന്റെ കഴിവാണ് അവന്റെ മഹത്വം. അവന്റെ ടൈംമിംഗ്, അവന്റെ ഷോട്ടുകള്‍, അവന്റെ ഫിറ്റ്‌നസ്, അവന്റെ സ്വഭാവം. അവന് ലോകോത്തര ക്രിക്കറ്റ് താരമാകാനുള്ള എല്ലാമുണ്ട്. അവന്‍ വളരെ ശാന്തനാണ്. അവന്‍ എന്താണ് ചെയ്യുന്നതെന്ന് അവനറിയാം. അവനില്‍ നിശബ്ദമായ ഒരു ആക്രോശമുണ്ട്. അത് ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.

ധോണി ഭായ് വിരമിച്ചതിന് ശേഷം, അദ്ദേഹം സിഎസ്‌കെയെ നയിക്കാന്‍ തുടങ്ങുമെന്ന് കരുതുന്നു. തുടര്‍ന്ന്, എനിക്കറിയില്ല.. അദ്ദേഹം ഇന്ത്യയെയും നയിച്ചേക്കാം. ഏഷ്യന്‍ ഗെയിംസില്‍ അദ്ദേഹം ഇന്ത്യയെ നയിച്ചിട്ടുണ്ട്- റായിഡു പറഞ്ഞു.