'അവരുടെ അധ്വാനത്തിന് വിലയിടാനാവില്ല'; പ്രോത്സാഹനമായി 40 ലക്ഷം പ്രഖ്യാപിച്ച് ബിസിസിഐ

അണ്ടര്‍ 19 ലോക കപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ ടീമിനെ അഭിന്ദിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. വിജയത്തില്‍ ടീമിന്റെ പ്രകടനത്തെ പ്രശംസിച്ച ഗാംഗുലി ടീമംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും പ്രോത്സാഹനമായി 40 ലക്ഷം രൂപയും പ്രഖ്യാപിച്ചു.

‘ഇത്രയും മനോഹരമായ രീതിയില്‍ ഇന്ത്യ ലോക കപ്പ് നേടിയതില്‍ ടീമിനെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെയും സെലക്ടര്‍മാരെയും അഭിനന്ദിക്കുന്നു. അവരുടെ അധ്വാനത്തിന് വിലയിടാനാവില്ലെങ്കിലും പ്രോത്സാഹനമെന്ന നിലയിലാണ് 40 ലക്ഷം സമ്മാനമായി പ്രഖ്യാപിച്ചത്’ ഗാംഗുലി പറഞ്ഞു.

കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം 14 പന്തുകള്‍ ബാക്കിനില്‍ക്കെ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.

84 പന്തില്‍ 50 റണ്‍സെടുത്ത ഷെയ്ക്ക് റഷീദും 54 പന്തില്‍ പുറത്താകാതെ 50 റണ്‍സ് നേടിയ നിഷാന്ത് സിന്ധുവും ചേര്‍ന്നാണ് ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചത്. ഇന്ത്യക്കായി അഞ്ചു വിക്കറ്റെടുത്ത് രാജ് ബവ, ബാറ്റിംഗിലും മികവ് കാട്ടി. രാജ് ബവ 54 പന്തില്‍ 35 റണ്‍സ് എടുത്തു. ഇന്ത്യയുടെ അഞ്ചാം കിരീടം നേട്ടമാണിത്. 200, 2008, 2012, 2018 വര്‍ഷങ്ങളിലും ഇന്ത്യയ്ക്കായിരുന്നു കിരീടം.