ഗവാസ്‌കറിന് ശേഷം ഇന്ത്യയുടെ ബെസ്റ്റ് ടെസ്റ്റ് ഓപ്പണര്‍?, സര്‍പ്രൈസ് തിരഞ്ഞെടുപ്പുമായി രവി ശാസ്ത്രി

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ഓപ്പണറാരാണെന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യമാണ്. വീരേന്ദര്‍ സെവാഗ്, സുനില്‍ ഗവാസ്‌കര്‍, രോഹിത് ശര്‍മ്മ തുടങ്ങി നിരവിധി പേരുകള്‍ ഇതിലേക്ക് ഉയര്‍ന്നു കേള്‍ക്കും. ഇപ്പോള്‍ ഇതില്‍ തന്റെ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി.

സുനില്‍ ഗവാസ്‌കറിന് ശേഷം ഇന്ത്യ കണ്ട് ഏറ്റവും മികച്ച് ഓപ്പണര്‍ മുരളി വിജയ് ആണെന്നാണ് ശാസ്ത്രി പറയുന്നത്. ഇന്ത്യന്‍ മുന്‍ ബോളിംഗ് കോച്ച് ഭരത് അരുണാണ് ശാസ്ത്രിയുടെ ഇഷ്ട ഓപ്പണറെ ആരാധകരുമായി പങ്കുവെച്ചത്.

എനിക്ക് ചെറുപ്പം മുതല്‍ അറിയാവുന്ന ഇന്ത്യന്‍ ബാറ്റര്‍മാരിലൊരാളാണ് മുരളി വിജയ്. അവനെ കോളേജില്‍ വെച്ചാണ് ഞാന്‍ കണ്ടത്. അവനെ മറ്റൊരു ഫസ്റ്റ് ഡിവിഷന്‍ ടീമിലേക്ക് നിര്‍ദേശിച്ചത് ഞാനാണ്. അങ്ങനെയാണ് അവന്റെ ക്രിക്കറ്റ് കരിയര്‍ മാറുന്നത്.

സുനില്‍ ഗവാസ്‌ക്കറിന് ശേഷം ഇന്ത്യയുടെ ബെസ്റ്റ് ടെസ്റ്റ് ഓപ്പണര്‍ മുരളി വിജയിയാണെന്നാണ് അദ്ദേഹം പറയാറുള്ളത്. അവനെ സംബന്ധിച്ച് വലിയ അംഗീകാരമാണത്. എന്നെ സംബന്ധിച്ചും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അവന്‍- ഭരത് അരുണ്‍ പറഞ്ഞു.

ഇന്ത്യക്കായി 61 ടെസ്റ്റുകള്‍ കളിച്ച താരമാണ് മുരളി വിജയ്. 12 സെഞ്ച്വറികളുടെ അകമ്പടില്‍ 3982 റണ്‍സാണ് താരം നേടിയത്. ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ ടെസ്റ്റ് ഓപ്പണര്‍മാരില്‍ നാലാം സ്ഥാനത്താണ് മുരളി. 167 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2015ല്‍ സിംബാബ്‌വെക്കെതിരേയാണ് അവസാനമായി മുരളി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്.