ഇന്ത്യന്‍ ടീമിന്റെ ബാത്ത് റൂമില്‍ വരെ നിയന്ത്രണങ്ങളുമായി ദക്ഷിണാഫ്രിക്ക; 'രണ്ട് മിനുട്ടിനുള്ളില്‍ കുളി തീര്‍ക്കണം'

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് നടക്കുന്ന കേപ്ടൗണില്‍ തുടരുന്ന ജലക്ഷാമത്തില്‍ ഇന്ത്യന്‍ ടീമിനും തിരിച്ചടി. ഉപയോഗിക്കുന്ന വെള്ളത്തിനടക്കം കടുത്ത നിയന്ത്രണമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ ടീമിനോട് നിര്‍ദേശിച്ചിരിക്കുന്നത്. താരങ്ങളുടെ കുളി സമയം രണ്ട് മിനുട്ടിനുള്ളില്‍ തീര്‍ക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യന്‍ ടീമിനോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലി വരള്‍ച്ചയാണ് കേപ്ടൗണ്‍ നേരിടുന്നത്. വെള്ളത്തിനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് ഈ മേഖലയില്‍ മൊത്തം കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍ക്ക് ഇത് ബാധകമാകില്ല. കേപ്ടൗണിലെ മത്സര ശേഷം പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം സെഞ്ചൂറിയനിലേക്കും ജോഹന്നാസ്ബെര്‍ഗിലേക്കും തിരിക്കുന്നതോടെ നിയന്ത്രണം മാറും.

Read more

പിച്ച് നനയ്ക്കാന്‍ പോലും വെള്ളം തികയാത്ത സാഹചര്യമാണ് കേപ്ടൗണില്‍ നേരിടുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ പിച്ചുകള്‍ക്ക് സമാനമായി മത്സരത്തിന്റെ അവസാന ദിവസങ്ങളില്‍ പിച്ചിന്റെ വേഗം കുറയുകയും സ്പിന്നര്‍മാര്‍ക്ക് അനുകൂലമായിത്തീരുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാല്‍ തന്നെ ആദ്യദിനം ടോസ് നിര്‍ണായകമാവും.