അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെലക്ഷൻ കമ്മിറ്റി ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കുമൂലം ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റും വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് മത്സര പരമ്പരയും നഷ്ടമായ ഋഷഭ് പന്ത് ടീമിലേക്ക് തിരിച്ചുവരവ് നടത്തി.
കഴിഞ്ഞ മാസം അഹമ്മദാബാദിലും ഡൽഹിയിലും നടന്ന സമഗ്ര വിജയങ്ങളിലൂടെ വെസ്റ്റ് ഇൻഡീസിനെ 2-0 ന് വൈറ്റ്‌വാഷ് ചെയ്ത ടീമിലെ രണ്ട് മാറ്റങ്ങളിൽ ഒന്നാണ് പന്തിന്റെ തിരിച്ചുവരവ്. അതേസമയം, പ്രശസ്ത് കൃഷ്ണയെ ഉൾപ്പെടുത്തിയിട്ടില്ലാത്ത ടീമിൽ ആകാശ് ദീപും സ്ഥാനം കണ്ടെത്തി.
അതേസമയം, രഞ്ജി ട്രോഫിയിൽ ബംഗാളിനായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും മുഹമ്മദ് ഷമിക്ക് ടീമിൽ വീണ്ടും സ്ഥാനം നിഷേധിച്ചു. വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോൾ, സ്റ്റാർ പേസർ വേണ്ടത്ര മത്സരങ്ങൾ കളിച്ചിട്ടില്ലെന്ന് അഗാർക്കർ അവകാശപ്പെട്ടു. ഷമി പരസ്യമായി രംഗത്തെത്തി ഈ പരാമർശങ്ങളെ ഖണ്ഡിക്കുകയും തന്റെ സംസ്ഥാനത്തിനായി റെഡ്-ബോൾ ക്രിക്കറ്റ് കളിക്കുമ്പോൾ തന്റെ ഫിറ്റ്നസ് തെളിയിക്കുകയും ചെയ്തിരുന്നു. 2023 ജൂൺ മുതൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ഒരു ടെസ്റ്റ് മത്സരം പോലും കളിച്ചിട്ടില്ല. താരം നിലവിൽ മൂന്ന് ഫോർമാറ്റുകളിലും ടീമിന് പുറത്താണ്.
രണ്ട് മത്സരങ്ങളുള്ള പരമ്പര നവംബർ 14 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ആരംഭിക്കും. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവിടെ ഒരു ടെസ്റ്റ് മത്സരം നടക്കന്നത്. അതേസമയം, രണ്ടാം ടെസ്റ്റ് ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ നടക്കും. അവിടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു റെഡ്-ബോൾ അന്താരാഷ്ട്ര മത്സരം നടക്കുന്നത്.
ഇന്ത്യൻ ടെസ്റ്റ് ടീംഃ ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ) യശ്വസി ജയ്സ്വാൾ, കെ. എൽ. രാഹുൽ, സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്ഷർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.
Read more
ഇന്ത്യ എ ഏകദിന ടീംഃ തിലക് വർമ്മ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്ക്വാദ് (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, റിയാൻ പരാഗ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആയുഷ് ബഡോനി, നിഷാന്ത് സിന്ധു, വിപ്രാജ് നിഗം, മാനവ് സുതർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ഖലീൽ അഹമ്മദ്, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ)







