സ്വന്തം അച്ഛന്‍ മരിച്ചുകിടക്കുന്ന സമയത്തു പോലും കൈവിറയ്ക്കാതെ ബാറ്റ് ചെയ്തവനാണ് വിരാട്, അയാളെ ജയിക്കാന്‍ നീ കൊണ്ട വെയിലും ഒഴുക്കിയ വിയര്‍പ്പും മതിയാവില്ല

2017-ല്‍ പാക്കിസ്ഥാനിലെ ഗുജ്രന്‍വാലയില്‍ ഒരു ഓപ്പണ്‍ ക്രിക്കറ്റ് ട്രയല്‍ നടന്നു. ആ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രായപരിധി നിശ്ചയിച്ചിരുന്നില്ല. ജഴ്‌സിയും ബൂട്ട്‌സും പോലും നിര്‍ബന്ധമായിരുന്നില്ല! മുന്‍ പാക് ഫാസ്റ്റ് ബോളര്‍ അക്വിബ് ജാവേദ് ആണ് ക്യാമ്പിന് നേതൃത്വം കൊടുത്തത്.

പതിനായിരക്കണക്കിന് ബോളര്‍മാരാണ് ആ വേദിയില്‍ ഭാഗ്യം പരീക്ഷിക്കാനെത്തിയത്. അക്കൂട്ടത്തില്‍ അതിശക്തനായ ഒരു പയ്യനുണ്ടായിരുന്നു. അവന്‍ എറിഞ്ഞ ഒരു പന്ത് 92 മൈല്‍ വേഗത്തിലാണ് ചീറിപ്പാഞ്ഞെത്തിയത്! ആ ഒറ്റ ഡെലിവെറിയുടെ പേരില്‍ അക്വിബ് അവന് സെലക്ഷന്‍ നല്‍കി! ആ യുവാവിന്റെ പേരാണ് ഹാരിസ് റൗഫ്!

ഗുജ്രന്‍വാലയിലെ ക്യാമ്പില്‍നിന്ന് പാക്കിസ്ഥാന്റെ പച്ച ജഴ്‌സിയിലേയ്ക്ക് വളരെ വേഗത്തിലാണ് റൗഫ് എത്തിപ്പെട്ടത്. ഒരു സിനിമയ്ക്ക് സ്‌കോപ്പുള്ള ജീവിതമാണ് റൗഫിന്റേത്. 23 വയസ്സുവരെ ഹാര്‍ഡ് ബോള്‍ കൈ കൊണ്ട് തൊടാതിരുന്ന,മൊബൈല്‍ ഷോപ്പില്‍ സെയില്‍സ്മാനായി ജോലി നോക്കിയിരുന്ന ഒരാള്‍ കണ്ണടച്ചുതുറക്കുന്ന സമയം കൊണ്ട് ദേശീയ ടീമിന്റെ പ്രീമിയം ബോളറായിത്തീരുന്നു!

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ടി-20 ലോകകപ്പ് മത്സരത്തില്‍ നിത്യവൈരികളായ ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ പാക്കിസ്ഥാന്റെ രഹസ്യായുധം റൗഫായിരുന്നു. 150 കിലോമീറ്റര്‍ വരെ ക്ലോക് ചെയ്യുന്ന,എക്‌സ്ട്രാ ബൗണ്‍സ് സൃഷ്ടിച്ച് ബാറ്റര്‍മാരെ വട്ടംകറക്കുന്ന റൗഫ്!
ടോസിന്റെ സമയത്ത് രവിശാസ്ത്രി പറഞ്ഞു-”ഇതൊരു കൊളോസിയമാണ്!”

പഴയ റോമാസാമ്രാജ്യത്തിലെ വമ്പന്‍ സ്റ്റേഡിയത്തിന്റെ പേരാണ് കൊളോസിയം. ആ വേദിയില്‍ വെച്ച് ദ്വന്ദയുദ്ധങ്ങള്‍ നടക്കുമായിരുന്നു. അവയില്‍ പങ്കെടുക്കുന്ന മല്ലന്‍മാര്‍ ‘ഗ്ലാഡിയേറ്റര്‍’ എന്നറിയപ്പെട്ടു. മനുഷ്യരെ മാത്രമല്ല,മൃഗങ്ങളെയും നേരിടാന്‍ കെല്പുള്ളവരായിരുന്നു ഗ്ലാഡിയേറ്റര്‍മാര്‍!

എം.സി.ജിയിലെ കൊളോസിയത്തില്‍ 160 റണ്‍സിന്റെ വിജയലക്ഷ്യമാണ് പാക്കിസ്ഥാന്‍ മുന്നോട്ടുവെച്ചത്. ഇന്ത്യന്‍ ഗ്ലാഡിയേറ്റര്‍മാരെ പാക് പേസ് പട കടിച്ചുകീറിക്കൊണ്ടിരിക്കുകയായിരുന്നു. ഹാരിസ് റൗഫ് രോഹിത് ശര്‍മ്മയുടെയും സൂര്യകുമാര്‍ യാദവിന്റെയും വിക്കറ്റുകള്‍ അരിഞ്ഞിട്ടു. മറുവശത്ത് ഷഹീന്‍ അഫ്രീഡിയും നസീം ഷായും തീ തുപ്പുന്നുണ്ടായിരുന്നു!

ഇന്ത്യയ്ക്ക് 30 പന്തുകളില്‍നിന്ന് 60 റണ്‍സ് ആവശ്യമായിരുന്ന സമയത്താണ് റൗഫ് തന്റെ മൂന്നാമത്തെ ഓവറിനുവേണ്ടി എത്തിയത്. കേവലം ആറ് റണ്‍സ് മാത്രമാണ് അയാള്‍ വഴങ്ങിയത്. അതിലൊരു പന്ത് എതിരാളിയുടെ ബാറ്റ് രണ്ട് കഷ്ണമാക്കി എന്ന് തോന്നിപ്പിച്ചിരുന്നു! ഇടിമിന്നല്‍ പോലെയാണ് റൗഫിന്റെ ഡെലിവെറികള്‍ വില്ലോയില്‍ പതിച്ചിരുന്നത്!

ക്രീസിലുണ്ടായിരുന്ന ഇന്ത്യന്‍ ബാറ്റര്‍ക്ക് യാതൊരു കുലുക്കവും ഇല്ലായിരുന്നു. അയാള്‍ ഒന്ന് ചിരിച്ചു. സ്വന്തം ബാറ്റിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തി. കൊളോസിയത്തിലെ അങ്കം ജയിച്ച് സാമ്രാജ്യം വിപുലീകരിക്കാമെന്ന ആത്മവിശ്വാസമാണ് ആ മുഖത്ത് കണ്ടത്!
ഒരു ലക്ഷത്തോളം വരുന്ന കാണികളിലെ നല്ലൊരു പങ്കും ആര്‍ത്തുവിളിച്ചു-

”കമോണ്‍ വിരാട് കോഹ്ലീ. നമ്മുടെ ടീമിനെ രക്ഷിക്കൂ…!” നസീം ഷായുടെ അടുത്ത ഓവര്‍ പാക്കിസ്ഥാന്റെ വിജയസാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചു. അപ്പോഴും വിരാടിന്റെ മുഖത്ത് ഭയത്തിന്റെ സൂചന പോലും ദൃശ്യമായില്ല. 18 പന്തുകളില്‍ 48 റണ്‍സ് വേണം എന്ന് സ്‌കോര്‍ബോര്‍ഡ് വിളിച്ചുപറഞ്ഞു.

അഫ്രിഡിയുടെ അടുത്ത ഓവറില്‍ വിരാട് 3 ബൗണ്ടറികളാണ് നേടിയത്. അതും മൂന്ന് ദിശകളിലേയ്ക്ക്! ആരാധകര്‍ സ്വയം പറഞ്ഞു- ”കണ്ടെടോ ഞാന്‍ എന്റെ പഴയ വിരാടിനെ…!”
യഥാര്‍ത്ഥ വെല്ലുവിളി അപ്പോഴും അവശേഷിച്ചിരുന്നു-റൗഫിന്റെ നാലാമത്തെ ഓവര്‍. ആദ്യ നാല് പന്തുകള്‍ റൗഫ് മനോഹരമായി തൊടുത്തുവിട്ടു. ഇന്ത്യയുടെ പരാജയം ഉറപ്പായി. ബാക്കിയുള്ള രണ്ട് പന്തുകളും ഗാലറിയില്‍ പതിച്ചാല്‍ മാത്രമേ നീലപ്പടയ്ക്ക് സാദ്ധ്യതയുണ്ടായിരുന്നുള്ളൂ.
വിരാട് അതുതന്നെ ചെയ്തു. മുഖമടച്ചുള്ള പ്രഹരം പോലെ റൗഫിനെതിരെ രണ്ട് സിക്‌സറുകള്‍! ഷോര്‍ട്ട് ഓഫ് എ ലെങ്ത്തില്‍ പിച്ച് ചെയ്ത പന്തിനെ സൈറ്റ് സ്‌ക്രീനിനുമുകളിലൂടെയാണ് പറത്തിവിട്ടത്! അവിശ്വസനീയം എന്ന വാക്കിനെപ്പോലും നാണിപ്പിക്കുന്ന ഹിറ്റ്!

ഫാന്‍സ് വീണ്ടും മുറുമുറുത്തു- ”ഇത് 2016ലെ വിരാട് തന്നെ! മദമിളകിയ കൊമ്പനെപ്പൊലെ സകലതും ചവിട്ടിമെതിച്ചിരുന്ന ഉഗ്രപ്രതാപിയായിരുന്ന വിരാട്!” നവാസിന്റെ അവസാന ഓവറിലും ഡ്രാമയുടെ അതിപ്രസരമാണ് കണ്ടത്. വിരാടിന്റെ മനഃസ്സാന്നിദ്ധ്യവും അശ്വിന്റെ ബ്രില്യന്‍സും കുറച്ച് ഭാഗ്യനിമിഷങ്ങളും സമ്മേളിച്ചപ്പോള്‍ ഇന്ത്യ ജയിച്ചു! വിരാട് അത് അര്‍ഹിച്ചിരുന്നു എന്ന് പറയുന്നതാകും ശരി!

സഹതാരങ്ങള്‍ ചുംബനങ്ങള്‍ കൊണ്ട് മൂടിയപ്പോള്‍ വിരാട് കണ്ണുനീര്‍ പൊഴിക്കുകയായിരുന്നു. പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് സ്വീകരിക്കുമ്പോഴും അയാള്‍ വിതുമ്പുകയായിരുന്നു. വിരാടിന് വാക്കുകള്‍ കിട്ടുന്നുണ്ടായിരുന്നില്ല ; നമുക്കും!

ടി-20 ലോകകപ്പ് കഴിഞ്ഞാല്‍ വിരാട് വിരമിക്കണം എന്ന് ഒളിഞ്ഞും തെളിഞ്ഞും ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രായത്തിലും ആറ് സെക്കന്റ് കൊണ്ട് ഡബിളുകള്‍ ഓടിയെടുക്കുന്ന വിരാടിനെക്കുറിച്ചാണ് ആ സ്റ്റേറ്റ്‌മെന്റ് വന്നത്! ഇന്ത്യന്‍ ടീമിലെ എറ്റവും മൂല്യമുള്ള വിക്കറ്റ് സൂര്യകുമാറിന്റേതാണ് എന്ന് ഹര്‍ഷ ഭോഗ്ലെ കമന്ററി ബോക്‌സിലൂടെ പറഞ്ഞിരുന്നു. മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ് ഇത്തരമൊരു പ്രസ്താവന ഇറക്കാന്‍ ഹര്‍ഷ ധൈര്യപ്പെടുമായിരുന്നോ?
വിരാടിന് മോശം സമയം വന്നപ്പോള്‍ പലരും അയാളെ എഴുതിത്തള്ളി. ലോകകപ്പില്‍ അയാളൊരു ബാദ്ധ്യതയാകും എന്ന് പ്രവചിച്ചു. എന്നിട്ടും നിര്‍ണായക സമയത്ത് രക്ഷകനാകാന്‍ വിരാട് തന്നെ വേണ്ടിവന്നു.

എം.സി.ജിയിലെ വമ്പന്‍ ജനാവലിയോട് വിരാട് നിറകണ്ണുകളോടെ പറഞ്ഞിരുന്നു-
”ഞാന്‍ തളര്‍ന്നുപോയപ്പോള്‍ നിങ്ങളാണ് എന്റെ കൂടെനിന്നത്. നിങ്ങളോടാണ് എനിക്ക് കടപ്പാടുള്ളത്.!”വിരാടിനെ സ്‌നേഹിക്കുന്നവര്‍ ആ വരികള്‍ മരണം വരെ മറക്കില്ല. ഇനിയുള്ള ജീവിതകാലം മുഴുവനും ഞാന്‍ പറഞ്ഞുനടക്കും- ”ഞാന്‍ ഈ ദിവസം ജീവനോടെയുണ്ടായിരുന്നു. വിരാടിന്റെ ഇന്നിങ്‌സ് ഞാന്‍ തത്സമയം കണ്ടിരുന്നു..”

ഇതുപോലൊരു പ്രകടനം കണ്‍കുളിര്‍ക്കെ കാണുക! ഒരു കളിപ്രേമിയ്ക്ക് അതിനേക്കാള്‍ വലിയ സായൂജ്യം വേറെ കിട്ടാനുണ്ടോ!? ഷഹീന്‍ എന്നത് ഒരു പേര്‍ഷ്യന്‍ വാക്കാണ്. രാജകീയം എന്നാണ് അതിന്റെ അര്‍ത്ഥം. പക്ഷേ ഷഹീന്‍ അഫ്രീഡി ഒരു കാര്യം മറന്നുപോയി. ക്രിക്കറ്റ് ലോകത്ത് ഒരേയൊരു രാജാവേ ഉള്ളൂ. അത് കിങ്ങ് കോഹ്ലിയാണ്.! ഹാരിസ് റൗഫ് ഇപ്പോള്‍ പരിതപിക്കുന്നുണ്ടാകും. ഇത്രയെല്ലാം പൊരുതിയിട്ടും എങ്ങനെ തോറ്റുപോയി എന്ന് അയാള്‍ ആലോചിക്കുന്നുണ്ടാവും. പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന് റൗഫിനെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞേക്കും-

”റൗഫ്, ഗുജ്രന്‍വാലയില്‍നിന്ന് മെല്‍ബണിലേയ്ക്ക് ഒരുപാട് ദൂരമുണ്ട്. നീ പിന്നിട്ട വഴികള്‍ ബഹുമാനമര്‍ഹിക്കുന്നതാണ്. പക്ഷേ സ്വന്തം അച്ഛന്‍ മരിച്ചുകിടക്കുന്ന സമയത്തുപോലും കൈവിറയ്ക്കാതെ ബാറ്റ് ചെയ്തവനാണ് വിരാട്. അയാളെ ജയിക്കാന്‍ നീ കൊണ്ട വെയിലും ഒഴുക്കിയ വിയര്‍പ്പും മതിയാവില്ല!”

റൗഫിന്റെ മുഖത്ത് ചെറിയ ആശ്വാസം പരക്കുമ്പോള്‍ ബാബര്‍ തുടരും- ”എന്നെ ആളുകള്‍ വിളിക്കുന്നത് പുതിയ കോഹ്ലി എന്നാണ്. പക്ഷേ അത് സത്യമല്ല. കോഹ്ലി ഒന്നേയുള്ളൂ. മുമ്പ് ഒരു കോഹ്ലി ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല.!”

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍