IND vs NZ: അവർ ലോകകപ്പ് കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു: മൈക്കൽ ബ്രേസ്‌വെൽ

അസാധാരണ ഫോമിലുള്ള വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും 2027 ലെ ഏകദിന ലോകകപ്പിൽ കളിക്കുമെന്ന് ആഗോള ക്രിക്കറ്റ് സമൂഹം പ്രതീക്ഷിക്കുന്നു. ജനുവരി 11 ന് വഡോദരയിൽ ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ന്യൂസിലൻഡ് ക്യാപ്റ്റൻ മൈക്കൽ ബ്രേസ്‌വെൽ തന്റെ ടീമിനെ നയിക്കാൻ തയ്യാറെടുക്കുമ്പോൾ, പരിചയസമ്പന്നരായ രോഹിത്-കോഹ്ലി ജോഡിയെ 22 മാസം അകലെയുള്ള ലോകകപ്പ് വേദിയിലും കാണാൻ ആ​ഗ്രഹിക്കുന്നുവെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.

“അവർ ലോകകപ്പിൽ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ ഇപ്പോഴും ഉയർന്ന നിലവാരത്തിലാണ് കളിക്കുന്നത്, അതിനാൽ അവർ കളി അവസാനിപ്പിക്കേണ്ട കാര്യമില്ല. ഇരുവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. വ്യക്തിപരമായും ടീമിന്റെ ഭാഗമായും അവരുടെ റെക്കോർഡുകൾ നിഷേധിക്കാനാവാത്തതാണ്. ചില മികച്ച ഇന്ത്യൻ ടീമുകളിൽ ബാറ്റുകൊണ്ടും ടീമിനെ നയിച്ചികൊണ്ടും അവർ പ്രധാന കളിക്കാരായിരുന്നു. അവരെ കുറച്ചുകാണുന്നത് ഒരു തെറ്റായിരിക്കും, അത് ഉറപ്പാണ്,” ബ്രേസ്‌വെൽ പറഞ്ഞു.

ഏകദിന പരമ്പരയ്ക്ക് ശേഷം, അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര ജനുവരി 21 ന് ആരംഭിക്കും. ക്രിക്കറ്റിനോടുള്ള രാജ്യത്തിന്റെ ആഴമായ അഭിനിവേശവും ഹോം ടീമിന്റെ ഉയർന്ന കഴിവും കണ്ട് ആകൃഷ്ടരായ ബ്ലാക്ക് ക്യാപ്സ് ഇന്ത്യയിലേക്കുള്ള യാത്രകൾ എപ്പോഴും ആസ്വദിക്കാറുണ്ടെന്നും ബ്രേസ്‌വെൽ പങ്കുവെച്ചു.