ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ രോഹിത് ശർമ്മ ബാറ്റിംഗിൽ മോശം പ്രകടനമാണ് നടത്തിയത്. മൈക്കൽ ബ്രേസ്‌വെൽ നയിച്ച ന്യൂസിലൻഡ് ടീം 2-1ന് പരമ്പര സ്വന്തമാക്കി. ഇന്ത്യൻ മണ്ണിൽ ഒരു ഏകദിന പരമ്പരയിൽ കിവീസ് ഇന്ത്യയെ തോൽപ്പിക്കുന്നത് ഇതാദ്യമായാണ്.
ആദ്യ ഏകദിനത്തിൽ കൈൽ ജാമിസണിന് വിക്കറ്റ് നൽകുന്നതിന് മുമ്പ് 29 പന്തിൽ 26 റൺസാണ് രോഹിത് നേടിയത്. അതേസമയം, രണ്ടാം ഏകദിനത്തിൽ 38 പന്തിൽ നിന്ന് 24 റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്. നിർണായകമായ മൂന്നാം ഏകദിനത്തിൽ വലിയ പ്രകടനം പ്രതീക്ഷിച്ചിരുന്നെങ്കിലും മുൻ ഇന്ത്യൻ നായകന് 13 പന്തിൽ 11 റൺസ് മാത്രമേ എടുക്കാനായുള്ളൂ. ഇത്തവണ സക്കറി ഫോക്സ് ആണ് അദ്ദേഹത്തെ പുറത്താക്കിയത്.
മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 20.33 ശരാശരിയിലും 76.25 സ്‌ട്രൈക്ക് റേറ്റിലും വെറും 61 റൺസുമായാണ് രോഹിത് പരമ്പര അവസാനിപ്പിച്ചത്. 38-കാരനായ രോഹിത്തിന്റെ ഈ പ്രകടനത്തിന് ശേഷം, കഴിഞ്ഞ വർഷം ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ അദ്ദേഹം മികച്ച രീതിയിൽ കളിച്ചിരുന്നുവെന്ന് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഓർമ്മിപ്പിച്ചു. ന്യൂസിലൻഡ് പരമ്പരയിൽ രോഹിത്തിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് വലിയ സ്കോറുകളാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് ഗിൽ അഭിപ്രായപ്പെട്ടു.
“രോഹിത് ശർമ്മ മികച്ച ഫോമിലാണെന്നാണ് ഞാൻ കരുതുന്നത്. ഓസ്‌ട്രേലിയൻ പരമ്പര മുതൽ ദക്ഷിണാഫ്രിക്കൻ പരമ്പര വരെ അത് നമ്മൾ കണ്ടതാണ്. ലഭിക്കുന്ന തുടക്കങ്ങൾ എപ്പോഴും വലിയ സ്കോറുകളാക്കി മാറ്റാൻ കഴിഞ്ഞെന്ന് വരില്ല. ഈ പരമ്പരയിലും രോഹിത്തിന് ചില നല്ല തുടക്കങ്ങൾ ലഭിച്ചിരുന്നു. ഒരു ബാറ്റ്‌സ്മാൻ എന്ന നിലയിൽ എപ്പോഴും ആ തുടക്കങ്ങൾ സെഞ്ച്വറികളാക്കി മാറ്റാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ എല്ലാ തവണയും അത് സാധ്യമായെന്ന് വരില്ല. എന്നിരുന്നാലും, അതിനായി ഞങ്ങൾ എപ്പോഴും പരിശ്രമിക്കാറുണ്ട്,” മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ഗിൽ പറഞ്ഞു.
Read more
മൂന്നാം ഏകദിനത്തിലേക്ക് വന്നാൽ, ടോസ് നേടി ഇന്ത്യ ബോളിംഗ് തിരഞ്ഞെടുത്തപ്പോൾ ന്യൂസിലൻഡ് 337/8 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. 186 പന്തിൽ 279 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഡാരിൽ മിച്ചലും ഗ്ലെൻ ഫിലിപ്സും തകർപ്പൻ സെഞ്ചുറികൾ നേടി. മറുപടി ബാറ്റിംഗിൽ വിരാട് കോലി 108 പന്തിൽ 124 റൺസുമായി മിന്നിത്തിളങ്ങിയപ്പോൾ നിതീഷ് കുമാർ റെഡ്ഡിയും ഹർഷിത് റാണയും തങ്ങളുടെ കന്നി ഏകദിന അർധസെഞ്ചുറികൾ നേടി. എന്നിരുന്നാലും, 46 ഓവറിൽ 296 റൺസിന് ഇന്ത്യ പുറത്തായതോടെ കിവീസ് 41 റൺസിന്റെ ജയം രുചിച്ചു, ഒപ്പം കന്നി ഇന്ത്യയിലെ കന്നി ഏകദിന പരമ്പരയും.







